ഐ.എസ്.ആർ.ഒയിലും പിൻവാതിൽ നിയമന വിവാദം: ചെയർമാൻ കെ. ശിവെൻറ മകന് ജോലി ചട്ടങ്ങൾ മറികടന്നെന്ന്
text_fieldsബംഗളൂരു: ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.കെ. ശിവെൻറ മകന് എൽ.പി.എസ്.സിയിൽ ജോലി നൽകിയത് ചട്ടങ്ങൾ മറികടന്നെന്ന് പരാതി. ജനുവരി 25നാണ് മകൻ എസ്. സിദ്ധാർഥിന് തിരുവനന്തപുരം വലിയമല ഐ.എസ്.ആർ.ഒയുടെ ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെൻററിൽ ജോലി നൽകിയത്. സിദ്ധാർഥിെൻറ നിയമനം ചട്ടങ്ങൾ പാലിക്കാതെയാണെന്ന പരാതിയിൽ സെൻട്രൽ വിജിലൻസ് കമീഷൻ ഫയലിൽ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഐ.എസ്.ആർ.ഒ ചെയർമാനും ബഹിരാകാശ സെക്രട്ടറിയുമായ ഡോ.കെ. ശിവനെതിരെയാണ് പരാതി. ബംഗളൂരു സ്വദേശിയാണ് പരാതി നൽകിയത്. എം.ടെക് ബിരുദധാരിയായ സിദ്ധാർഥിന് സയൻറിസ്റ്റ് എൻജിനീയറായി നിയമനം ലഭിക്കുന്നതിനായി യോഗ്യതകളിൽപോലും മാറ്റങ്ങൾ വരുത്തിയാണ് അപേക്ഷ ക്ഷണിച്ചതെന്നും പരാതിയിൽ ആരോപിക്കുന്നു. എൽ.പി.എസ്.സിയിൽ ഈ തസ്തികയിലേക്ക് ആദ്യമായാണ് എം.ടെക് യോഗ്യതയുള്ളവരെ പരിഗണിക്കുന്നത്.
എല്‍.പി.എസ്.സി ഡയറക്ടറായ ഡോ. നാരായണനാണ് തിരക്കിട്ട് സിദ്ധാർഥിെൻറ നിയമനത്തിനായി നീക്കം നടത്തിയതെന്നും സ്ക്രീനിങ്ങും എഴുത്തുപരീക്ഷയും ഒഴിവാക്കി നിയമനം നടത്തിയത് ചട്ടങ്ങൾ മറികടന്നാണെന്നും സ്വജനപക്ഷപാതവും ഗൂഢാലോചനയും നടന്നിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. റാങ്ക് ലിസ്റ്റിൽ രണ്ടാമതാണ് സിദ്ധാർഥ്. അതേസമയം, നിയമനം നടപടിക്രമങ്ങൾ പാലിച്ചാണെന്നും 2020 ഒക്ടോബറിൽ അപേക്ഷ ക്ഷണിച്ച തസ്തികയിലേക്ക് സിദ്ധാർഥിനെ എല്ലാ ചട്ടങ്ങളും പാലിച്ചാണ് പരിഗണിച്ചതെന്നുമാണ് ഡോ.കെ. ശിവെൻറ ഒാഫിസ് വിശദീകരിക്കുന്നത്. വിഷയത്തിൽ കെ. ശിവൻ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.