ഞെട്ടിച്ചുകളഞ്ഞു, പക്ഷേ എന്‍റെ ഭാര്യ...; 24.75 കോടി തിളക്കത്തിൽ മിച്ചൽ സ്റ്റാർക്
text_fieldsദുബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) താരലേല ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന തുകക്കാണ് ആസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക് വിറ്റുപോയത്. 24.75 കോടി രൂപക്കാണ് താരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. ഓസീസ് ക്യാപ്റ്റനും പേസറുമായ കമ്മിൻസിനെ 20.50 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദും വാങ്ങി.
രണ്ടു കോടിയായിരുന്നു ഇരുവരുടെയും അടിസ്ഥാന വില. 2023ൽ ഇംഗ്ലണ്ടിന്റെ സാം കറനെ പഞ്ചാബ് കിങ്സ് 18.5 കോടിക്ക് വാങ്ങിയതായിരുന്നു നിലവിലെ ഉയർന്ന തുക. ഓസീസ് പേസറുടെ ആദ്യപ്രതികരണം പിന്നാലെ തന്നെ കൊൽക്കത്ത ടീം അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചു. ‘ഹായ്, കൊൽക്കത്ത ആരാധകരെ; ഈ വർഷത്തെ ഐ.പി.എല്ലിൽ ടീമിനൊപ്പം ചേരാൻ കഴിഞ്ഞതിൽ ഞാൻ വലിയ ആവേശത്തിലാണ്. ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡൻസിലെത്തി ആരാധകരുടെ ആവേശവും അവിടുത്തെ അന്തരീക്ഷവും നേരിട്ടുകാണാൻ ഇനിയും കാത്തിരിക്കാനാവില്ല. നിങ്ങളെ കാണാൻ കാത്തിരിക്കുകയാണ്, കെ.കെ.ആർ’ -എക്സിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ സ്റ്റാർക് പറഞ്ഞു.
എട്ടുവർഷത്തിനുശേഷമാണ് സ്റ്റാർക് വീണ്ടും ഐ.പി.എൽ കളിക്കാനെത്തുന്നത്. ലേലത്തിൽ എന്റെ പേര് ഉൾപ്പെട്ടതിലും സീസണിൽ കൊൽക്കത്തക്കൊപ്പം ചേരാനായതിലും ആവേശത്തിലാണ്. ശരിക്കും ഞെട്ടിച്ചുകളഞ്ഞു. പക്ഷേ എന്‍റെ ഭാര്യ അലീസ ഹീലി ഈസമയം ടീമിനൊപ്പം ഇന്ത്യയിലാണ്. ഭാര്യക്ക് എന്നേക്കാൾ വേഗത്തിൽ വിവരങ്ങൾ ലഭിക്കുന്നുണ്ടായിരുന്നു. സ്ക്രീനിൽ കാണുന്നതിനു മുമ്പുതന്നെ അവൾ എനിക്ക് പുതിയ വിവരങ്ങൾ തന്നുകൊണ്ടിരുന്നെന്നും സ്റ്റാർക്ക് പ്രതികരിച്ചു.
ഗുജറാത്ത് ടൈറ്റൻസും കെ.കെ.ആറുമാണ് താരത്തിനായി അവസാനം വരെ നിലകൊണ്ടത്. ഒടുവിൽ റെക്കോഡ് തുകക്കാണ് കൊൽക്കത്ത സ്വന്തമാക്കിയത്. രണ്ടു സീസണുകളിൽ മാത്രമാണ് താരം ഐ.പി.എല്ലിൽ കളിച്ചത്. 27 മത്സരങ്ങളിൽനിന്നായി 34 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.