ഇതിലും മികച്ച ഒരു 11നെ അധികമൊന്നും കാണാൻ കഴിയില്ല! ഐ.പി.എൽ വമ്പൻമാരെ പുകഴ്ത്തി മുൻ താരം
text_fieldsമുംബൈയുടെ ആദ്യ ഇലവനെ ഈ ഐ.പി.എല്ലിലെ ഏറ്റവും വലിയ ശക്തിയായി പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. എല്ലാ ഡിപാർട്ട്മെന്‍റിൽ നിന്നും മികച്ച താരങ്ങളെ മുംബൈ അണിനിരത്തിയിട്ടുണ്ടെന്നാണ് ചോപ്രയുടെ വിലയിരുത്തൽ. അഞ്ച് താരങ്ങളെ നിലനിർത്തിയ മുംബൈ മെഗാലേലത്തിൽ 18 കളിക്കാരെ കൂടി ടീമിലെത്തിച്ച് 23 അംഗങ്ങളുള്ള സ്ക്വാഡിനെയാണ് തയ്യാറാക്കിയത്.
മുംബൈയുടെ ബാറ്റിങ് ലൈനപ്പിലെ ആഴവും ബൗളിങ് ലൈനപ്പിലെ വൈവിധ്യവും ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. 'ഇതിനേക്കാൾ മികച്ച 11 അല്ലെങ്കിൽ 12 പേരെ കൂട്ടിച്ചേർക്കുക ബുദ്ധിമുട്ടാണ് എന്നതാണ് അവരുടെ ശക്തി. അവർക്ക് എല്ലാ മികച്ച കളിക്കാരുമുണ്ട്. രോഹിത് ശർമയിൽ നിന്ന് തുടങ്ങി, പിന്നെ റയാൻ റിക്കിൾട്ടൺ, വിൽ ജാക്സ് എന്നിവരെത്തും, രണ്ട് പേരെയും കളിപ്പിക്കാൻ സാധിച്ചാൽ നല്ലത്. അതിന് ശേഷം സൂര്യകുമാർ യാദവ്, തിലക് വർമ, ഹർദിക് പാണ്ഡ്യ എന്നിവരും. ഇവരെല്ലാം പോയാലും അവസാനം നമൻ ധീരും അവശേഷിക്കും. ആ ബാറ്റിങ് ആഴം അവിശ്വസനീയമാണ്.
അവരുടെ ബൗളിംഗ് പരിശോധിച്ചാൽ, ദീപക് ചാഹർ, ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബുംറ എന്നിവരുണ്ട്. പന്ത് അൽപ്പം ചലിക്കുകയും പവർപ്ലേയിൽ വിക്കറ്റുകൾ വീഴുകയും ചെയ്യുന്ന വാങ്കെഡെ പിച്ചിൽ ഇതിലും മികച്ച ഒരു ത്രയം നിങ്ങൾക്ക് കണ്ടെത്താൻ കഴിയുമോ? നിങ്ങൾക്ക് ലഭ്യമായ ഏറ്റവും മികച്ച ഓപ്ഷനുകളാണ് ഇത്. സ്പിന്നിൽ, അവർക്ക് മിച്ചൽ സാന്റ്നറും മുജീബ് ഉർ റഹ്മാനുമുണ്ട്. അതിനാൽ ആദ്യത്തെ 12 പേർ മികച്ചവരാണ്," ചോപ്ര തന്‍റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.