'ഒന്നും അവസാനിച്ചിട്ടില്ല, ഇതൊരു തുടക്കം മാത്രമാണ്' -37കാരനായ ശ്രീശാന്ത് പറയുന്നു
text_fieldsമുംബൈ: ഏഴുവർഷത്തിന് ശേഷം ക്രിക്കറ്റ് ഗ്രൗണ്ടിൽ മടങ്ങിയെത്തിയ മലയാളികളുെട സ്വന്തം ശ്രീശാന്ത് പുതുച്ചേരിക്കെതിരെ വിക്കറ്റ് നേട്ടവുമായി വരവറിയിച്ചിരുന്നു. പുതുച്ചേരി ബാറ്റ്സ്മാൻ ഫാബിദ് അഹമദിന്‍റെ കുറ്റിതെറുപ്പിച്ചായിരുന്നു ശ്രീ തന്‍റെ ആവനാഴിയിലെ അസ്ത്രങ്ങൾക്ക് തേയ്മാനം സംഭവിച്ചില്ലെന്ന് വിളിച്ചോതിയത്. മത്സരത്തിന് ശേഷം ശ്രീയുടെ വാക്കുകളിലും ആ ആത്മവിശ്വാസം പ്രകടമായി.
'പിന്തുണക്കും സ്നേഹത്തിനും ഒരുപാട് നന്ദി ... ഇത് ഒരു തുടക്കം മാത്രമാണ് ... നിങ്ങളുടെ ആശംസകളും പ്രാർഥനകളും കൊണ്ട് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.. നിങ്ങളോടും കുടുംബത്തോടും ഒരുപാട് ബഹുമാനം'-ശ്രീ ട്വിറ്ററിൽ കുറിച്ചു.
മുഷ്താഖ് അലി ട്രോഫിയിലൂടെയായിരുന്നു ശ്രീശാന്തിന്‍റെ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ്. 29 റൺസിന് ഒരുവിക്കറ്റുമായാണ് ശ്രീശാന്ത് മത്സരം അവസാനിപ്പിച്ചത്.
നിശ്ചിത ഓവറിൽ പുതുച്ചേരി 138 റൺസെടുത്തപ്പോൾ 10 പന്ത് ബാക്കി നിൽക്കേ ലക്ഷ്യം നേടി. ക്യാപ്റ്റൻ സഞ്ജു സാംസണും (32), മുഹമ്മദ് അസ്ഹറുദ്ദീൻ (30), റോബിൻ ഉത്തപ്പയും (21) കേരളത്തിനായി തിളങ്ങി.
ഇന്ത്യൻ പ്രീമിയർ ലീഗ് വാതുവെപ്പ് വിവാദത്തെ തുടർന്ന് 2013ലാണ് രാജസ്ഥാൻ റോയൽസ് താരങ്ങളായ അജിത്ത് ചന്ദില, അങ്കിത് ചവാൻ എന്നിവർക്കൊപ്പം ശ്രീശാന്തിനെ ബി.സി.സി.ഐ വിലക്കിയത്. കഴിഞ്ഞ വർഷം ശ്രീയുടെ ആജീവനാന്ത വിലക്ക് ഏഴുവർഷമാക്കി കുറച്ചതിനെത്തുടർന്നാണ് മടങ്ങിവരവ് സാധ്യമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.