ടീം മികച്ചതാണ് പക്ഷേ...; ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ സംഘത്തിന് കാലീസിന്‍റെ മുന്നറിയിപ്പ്
text_fieldsആസ്ട്രേലിയക്കെതിരായ ട്വന്‍റി20 പരമ്പര 4-1ന് സ്വന്തമാക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ സംഘം ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് പുറപ്പെട്ടത്. ഈമാസം 10ന് ട്വന്‍റി20 മത്സരത്തോടെയാണ് പര്യടനം ആരംഭിക്കുന്നത്. മൂന്നു ട്വന്‍റി20 മത്സരങ്ങളാണ് കളിക്കുന്നത്.
പിന്നാലെ മൂന്നു ഏകദിനങ്ങളും രണ്ടു ടെസ്റ്റ് മത്സരങ്ങളും പ്രോട്ടീസിനെതിരെ കളിക്കും. ടീമിലെ ആദ്യ സംഘം വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയിൽ എത്തി. വിമാനത്താവളത്തിൽനിന്ന് താരങ്ങൾ പുറത്തുവരുന്നതിന്‍റെയും ഹോട്ടൽ ജീവനക്കാർ നൽകിയ ഊഷ്മള സ്വീകരണത്തിന്‍റെയും ചിത്രങ്ങൾ ബി.സി.സി.ഐ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഓസീസിനെതിരെ സൂര്യകുമാർ യാദവിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ യുവനിര തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. പ്രോട്ടീസിനെതിരെ ട്വന്‍റി20 ടീമിനെ നയിക്കുന്നതും സൂര്യകുമാർ തന്നെയാണ്.
യുവനിര ദക്ഷിണാഫ്രിക്കൻ മണ്ണിലും വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. എന്നാൽ, സ്വന്തം മണ്ണിൽ ദക്ഷിണാഫ്രിക്കയെ തോൽപിക്കുന്നത് ഏറെ ശ്രമകരമാകുമെന്ന് മുൻ പ്രോട്ടീസ് ഓൾ റൗണ്ടർ ജാക്വസ് കാലീസ് മുന്നറിയിപ്പ് നൽകുന്നു. ‘ഇതൊരു മികച്ച ഇന്ത്യൻ ടീമാണ്, പക്ഷേ ദക്ഷിണാഫ്രിക്കയിൽ അവരെ പരാജയപ്പെടുത്തുന്നത് ഏറെ ശ്രമകരമാണ്. സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കക്കും ന്യൂലാൻഡ്‌സിൽ ഇന്ത്യക്കും മുൻതൂക്കം ഉണ്ടാകും. ഇതൊരു നല്ല പരമ്പരയായിരിക്കുമെന്ന് ഞാൻ കരുതുന്നു, ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും’ -കാലീസ് പറഞ്ഞു.
ഓരോ സ്ക്വാഡിനും മൂന്നു ക്യാപ്റ്റന്മാരെയാണ് ബി.സി.സി.ഐ തെരഞ്ഞെടുത്തത്. ഏകദിന ടീമിനെ കെ.എൽ. രാഹുലാണ് നയിക്കുക. മുതിർന്ന താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്ലിയും ടെസ്റ്റ് ടീമിനൊപ്പം ചേരും. രോഹിത്തിന്‍റെ നേതൃത്വത്തിലാണ് രണ്ട് ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.