ഭാര്യയുടെ ആർ.എസ്.എസ് അറിവിനെ പുകഴ്ത്തി രവീന്ദ്ര ജദേജ; സമൂഹമാധ്യമങ്ങളിൽ ട്രോൾമഴ
text_fieldsഭാര്യ റിവബ ജദേജയുടെ ആർ.എസ്.എസ് അറിവിനെ പുകഴ്ത്തി സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ക്രിക്കറ്റ് താരം രവീന്ദ്ര ജദേജക്കുനേരെ ട്രോൾമഴ.
കഴിഞ്ഞദിവസമാണ് ജദേജ ഗുജറാത്ത് എം.എൽ.എയും ഭാര്യയുമായ റിവബയുടെ വിഡിയോക്കൊപ്പം ആർ.എസ്.സിനെ വാനോളം പുകഴ്ത്തി പോസ്റ്റിട്ടത്. ഒരു പരിപാടിക്കിടെ ആർ.എസ്.എസിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുന്നതാണ് വിഡിയോ. ആർ.എസ്.എസിന്റെ ദേശസ്‌നേഹം, ദേശീയത, ത്യാഗം, ഐക്യം എന്നിവയെക്കുറിച്ചെല്ലാം വളരെ ആവേശത്തോടെയാണ് റിവബ വിഡിയോയിൽ സംസാരിക്കുന്നത്.
‘ആർ.എസ്.എസിനെ കുറിച്ചുള്ള താങ്കളുടെ അറിവ് എന്നെ അത്ഭുപ്പെടുത്തുന്നു. ഇന്ത്യൻ സംസ്കാരവും നമ്മുടെ സമൂഹത്തിന്റെ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഒരു സംഘടന. നിങ്ങളുടെ അറിവും കഠിനാധ്വാനവുമാണ് നിങ്ങളെ വ്യത്യസ്തനാക്കുന്നത്. നിലനിർത്തുക...’ എന്ന കാപ്ഷനോടെയാണ് വിഡിയോ താരം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
ഇതിനു താഴെ താരത്തെ ട്രോളി നിരവധി പേരാണ് പോസ്റ്റിട്ടത്. രാഷ്ട്രീയത്തിൽ ചേർന്നോയെന്നും ബി.സി.സി.ഐ ബി.ജെ.പിക്കും ആർ.എസ്.എസിനും മുട്ടുമടക്കിയിട്ടുണ്ടോയെന്നും പലരും ചോദിക്കുന്നു. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെയും ആദായനികുതി വകുപ്പിനെയും ഭയന്ന് കായിക താരങ്ങൾ, നടന്മാർ തുടങ്ങി എല്ലാവരും ബി.ജെ.പിയെ സന്തോഷിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് റാഷിദി ആൽവി പ്രതികരിച്ചു.
വിമർശനം വ്യാപകമായതോടെ ഇന്ത്യൻ എന്ന കാപ്ഷനൊപ്പം രാജ്യത്തിന്‍റെ പതാകയും ചേർത്ത് നെഞ്ചിൽ കൈ വെച്ചുനിൽക്കുന്ന തന്‍റെ ചിത്രം ജദേജ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ജാംനഗർ നോർത്ത് മണ്ഡലത്തിൽനിന്നാണ് റിവബ ജദേജ ബി.ജെ.പി സ്ഥാനാർഥിയായി ജയിച്ചത്. ഇന്ത്യൻ ജഴ്സിയും ധരിച്ച് ഭാര്യയുടെ പ്രചാരണത്തിനായി ജദേജ എത്തിയത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.