രോഹിത്തല്ല കോഹ്ലിയല്ല പന്തല്ല! 2024ൽ ഈ നേട്ടം കൈവരിക്കുന്ന ഒരേയൊരു ഇന്ത്യൻ താരം ഈ 22കാരനാണ്
text_fieldsഈ വർഷം ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റിൽ 1000 റൺസിന് മുകളിൽ നേടുന്ന ആദ്യ താരമായി യുവ ഓപ്പണർ യഷസ്വി ജയ്സ്വാൾ. ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ടെസ്റ്റിനിടയിലായിരുന്നു അദ്ദേഹത്തിന്‍റെ നേട്ടം. ഒന്നാം ഇന്നിങ്സിൽ 30 റൺസ് സ്വന്തമാക്കി ജയ്സ്വാൾ പുറത്തായി.
2024ൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് ജയ്സ്വാൾ. ഇംഗ്ലണ്ട് ഇതിഹാസ താരം ജോ റൂട്ടാണ് ഒന്നാം സ്ഥാനത്തുള്ളത്. ഈ വർഷം 14 ടെസ്റ്റ് മത്സരത്തിൽ നിന്നും 59.31 ശരാശരിയിൽ 1305 റൺസാണ് റൂട്ട് നേടിയത്. 10 മത്സരത്തിൽ നിന്നുമായി 59.23 ശരാശരിയിൽ 1007 റൺസാണ് ജയ്സ്വാൾ ഈ വർഷം അടിച്ചുക്കൂട്ടിയത്. രണ്ട് സെഞ്ച്വറിയും ആറ് അർധസെഞ്ച്വറിയും ജയ്സ്വാൾ നേടിയിട്ടുണ്ട്.
ടെസ്റ്റിൽ ഒരു കലണ്ടർ വർഷത്തിൽ ഇന്ത്യക്കായി 1000 റൺസ് തികക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകാനും ഈ 22 കാരന് സാധിച്ചു. 1979ൽ ദിലീപ് വെങ്സർക്കാർ 23ാം വയസിൽ ഈ നേട്ടം കൈവരിച്ചിരുന്നു. മൂന്ന് ടെസ്റ്റ് മത്സരം കൂടി ഈ വർഷം ബാക്കിയിരിക്കെ ഒരു വർഷം ഇന്ത്യക്കായി ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് നേടിയ താരമെന്ന റെക്കോർഡ് ജയ്സ്വാളിന് തകർക്കാൻ സാധിക്കുന്നതാണ്. 2010ൽ 14 മത്സരത്തിൽ നിന്നും 1562 റൺസ് നേട്ടവുമായി സചിൻ ടെണ്ടുൽക്കറാണ് ഈ റെക്കോർഡ് കൈവശം വെച്ചിരിക്കുന്നത്.
അതേസമയം രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ബാറ്റിങ് തകർച്ചയിലാണ്. ലഞ്ചിന് പിരിയുമ്പോൾ 107 റൺസിന് ഏഴ് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. ന്യൂസിലാൻഡ് സ്പിന്നർമാരുടെ മുന്നിൽ ഇന്ത്യൻ ബാറ്റർമാർ തകരുന്ന കാഴ്ചയാണ് നിലവിൽ കാണുന്നത്. മിച്ചൽ സാന്‍റ്നർ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഗ്ലെൻ ഫിലിപ്സ് രണ്ട് വിക്കറ്റ് വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.