ഹെഡിനെ തൂക്കി 200ാം വിക്കറ്റ്; റെക്കോഡുകൾ തിരുത്തി ബുംറ
text_fieldsടെസ്റ്റ് ക്രിക്കറ്റിൽ 200 വിക്കറ്റ് നേട്ടം കൈവരിച്ച് ഇന്ത്യൻ പേസ് ബൗളിങ് സൂപ്പർതാരം ജസ്പ്രീത് ബുംറ. ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ നാലാം ടെസ്‌റ്റ് മത്സരത്തിൽ ആസ്ട്രേലിയൻ താരം ട്രാവിസ് ഹെഡിനെ പുറത്താക്കിയാണ് ബുംറ 200ാം വിക്കറ്റ് നേടിയത്.
ടെസ്റ്റിൽ 200 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യയിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ബൗളറായി ബുംറ മാറി. 44-ാം ടെസ്റ്റിൽ 200 വിക്കറ്റ് നേടി രവീന്ദ്ര ജഡേജയുടെ റെക്കോർഡിനൊപ്പമാണ് താരമെത്തിയത്. 37 മത്സരത്തിൽ നിന്നു ഈ നേട്ടം കൈവരിച്ച രവിചന്ദ്ര അശ്വിനാണ് ഇന്ത്യൻ താരങ്ങളിൽ ഒന്നാമൻ. ഇന്ത്യൻ പേസർമാരിൽ ബുംറയാണ് മുന്നിൽ. 50-ാം ടെസ്റ്റിൽ 200 വിക്കറ്റ് നേടിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവാണ് തൊട്ടുപിന്നിൽ.
19.56 ശരാശരിയിലാണ് ബുംറയുടെ 200 വിക്കറ്റ് നേട്ടം. 200 വിക്കറ്റ് സ്വന്തമാക്കിയവരിൽ ഏറ്റവും മികച്ച ശരാശരിയും ബുംറക്ക് തന്നെയാണ്. എറിഞ്ഞ ബോളിന്‍റെ കണക്കിൽ ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റ് സ്വന്തമാക്കിയതും ബുംറയാണ്. ലോകത്തിൽ നാലാമനും. 8484 പന്തുകളിൽ നിന്നുമാണ് അദ്ദേഹം 200 വിക്കറ്റ് സ്വന്തമാക്കിയത്. 7725 പന്തിൽ നിന്നും 200 വിക്കറ്റ് നേടിയ വഖാർ യൂനിസാണ് ഒന്നാമൻ. ഡെയ്‍ൽ സ്റ്റെയ്ൻ (7848), കഗീസോ റബാഡ (8153) എന്നിവരാണ് ബുംറക്ക് മുന്നിലുള്ള മറ്റ് താരങ്ങൾ. രണ്ടാം ഇന്നിങ്സിൽ ഇതുവരെ നാല് വിക്കറ്റ് ബുംറ നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.