സ്കാനിങ്ങിനു പിന്നാലെ ഡ്രസ്സിങ് റൂമിൽ തിരിച്ചെത്തി ബുംറ; പരിക്ക് ഗുരുതരമോ? ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ആറിന് 141
text_fieldsസിഡ്നി: ആശുപത്രിയിലെ സ്കാനിങ്ങിനു പിന്നാലെ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ സിഡ്നി ഗ്രൗണ്ടിലെ ഡ്രസ്സിങ് റൂമിൽ മടങ്ങിയെത്തി. താരത്തിന്‍റെ പരിക്ക് ഗുരുതരമാണോ, രണ്ടാം ഇന്നിങ്സിൽ പന്തെറിയുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.
വിഷയത്തിൽ ബി.സി.സി.ഐയോ, ടീം അധികൃതരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. രണ്ടാംദിനം രണ്ടാം സെഷനിടെ ഗ്രൗണ്ടിൽനിന്ന് കയറിയ താരം, തൊട്ടുപിന്നാലെ മെഡിക്കൽ സംഘത്തിനൊപ്പം കാറിൽ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. രോഹിത് ശർമ സ്വയം മാറിനിന്നതോടെ സിഡ്നിയിൽ ബുംറയാണ് ടീമിനെ നയിക്കുന്നത്. മത്സരത്തിൽ 10 ഓവർ പന്തെറിഞ്ഞ ബുംറ ഒരു മെയ്ഡനടക്കം 33 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. രണ്ടാംദിനം ലഞ്ചിനുശേഷം ഒരോവർ മാത്രമാണ് താരം പന്തെറിഞ്ഞത്. ഇതിനു പിന്നാലെയാണ് താരത്തെ വിദഗ്ധ പരിശോധനകൾക്കായി ആശുപത്രിയിലേക്കു മാറ്റിയത്. ബുംറയുടെ അഭാവത്തിൽ വിരാട് കോഹ്ലിയാണ് അവസാന ഘട്ടങ്ങളിൽ ഇന്ത്യയെ നയിച്ചത്.
ബുംറക്കു പകരം അഭിമന്യു ഈശ്വരനാണ് ഫീൽഡിങ്ങിനിറങ്ങിയത്. ഗ്രൗണ്ട് വിടുന്നതിനു മുമ്പ് ബുംറ കോഹ്ലിയുമായി സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇനിയും മൂന്നുദിവസം ബാക്കി നിൽക്കെ, ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നത്. രണ്ടാം ഇന്നിങ്സിൽ ബുംറക്ക് പന്തെറിയാനായില്ലെങ്കിൽ ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും. പരമ്പര നിലനിർത്താനും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സാധ്യത നിലനിർത്താനും ടെസ്റ്റിൽ ഇന്ത്യക്ക് വിജയം അനിവാര്യമാണ്.
ടെസ്റ്റിലേക്ക് വന്നാൽ രണ്ടാം ഇന്നിങ്സിലും ഇന്ത്യൻ ബാറ്റർമാർ നിരാശപ്പെടുത്തി. മൂന്നാംദിനം സ്റ്റമ്പെടുക്കുമ്പോൾ ഇന്ത്യക്ക് രണ്ടാം ഇന്നിങ്സിൽ 141 റൺസെടുക്കുന്നതിനിടെ ആറു വിക്കറ്റുകൾ നഷ്ടമായി. 145 റൺസിന്‍റെ ലീഡ്. ഇന്ത്യൻ നിരയിൽ ഋഷഭ് പന്ത് അതിവേഗ അർധ സെഞ്ച്വറി കുറിച്ചശേഷമാണ് മടങ്ങിയത്. ട്വന്‍റി20 ശൈലിയിൽ ബാറ്റുവീശിയ താരം 29 പന്തിലാണ് അമ്പതിലെത്തിയത്, അതും ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിന്‍റെ പന്തിൽ പടുകൂറ്റൻ സിക്സർ നേടി.
ഒരു ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ടെസ്റ്റ് ഫിഫ്റ്റിയാണ് സിഡ്നി ഗ്രൗണ്ടിൽ പന്ത് കുറിച്ചത്. അതേസമയം, ആസ്ട്രേലിയൻ മണ്ണിൽ ഒരു വിദേശതാരം നേടുന്ന അതിവേഗ അർധ സെഞ്ച്വറിയെന്ന നേട്ടം പന്ത് സ്വന്തമാക്കി. യശസ്വി ജയ്സ്വാൾ (35 പന്തിൽ 22), കെ.എൽ. രാഹുൽ (20 പന്തിൽ 13), ശുഭ്മൻ ഗിൽ (15 പന്തിൽ 13) വിരാട് കോഹ്ലി (12 പന്തിൽ ആറ്), നിതീഷ് കുമാർ റെഡ്ഡി (21 പന്തിൽ നാല്) എന്നിവരാണ് പുറത്തായ താരങ്ങൾ. എട്ടു റൺസുമായി രവീന്ദ്ര ജദേജയും ആറു റൺസുമായി വാഷിങ്ടൺ സുന്ദറുമാണ് ക്രീസിലുള്ളത്. സ്കോട്ട് ബോളണ്ട് നാലു വിക്കറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.