ബൂം ബൂം! ടെസ്റ്റ് റാങ്കിങ്ങിൽ തലപ്പത്തെത്തി ബുംറ; ബെസ്റ്റ് റാങ്കിങ്ങിൽ ജയ്സ്വാൾ; തിരിച്ചുവരവുമായി വിരാട്
text_fieldsഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ താരങ്ങൾ. ആസ്ട്രേലിയക്കെതിരെ പെർത്തിൽ വെച്ച് നടന്ന ആദ്യ മത്സരത്തിലെ വിജയത്തിന് ശേഷമാണ് ഇന്ത്യൻ താരങ്ങളുടെ മുന്നേറ്റം. രോഹിത് ശർമയുടെ അഭാവത്തിൽ ഇന്ത്യയെ നയിച്ച പേസ് ബൗളിങ് സൂപ്പർതാരം ജസ്പ്രീത് ബുംറ ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാമതെത്തി. ദക്ഷിണാഫ്രിക്കൻ ബൗളർ കഗിസോ റബാഡയെ മറികടന്നാണ് ബുംറ ഒന്നാമതെത്തിയത്. ഈ വർഷം രണ്ടം തവണയാണ് താരം ഒന്നാമതെത്തുന്നത്.
ബോർഡർ-ഗവാസ്കർ പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുന്നതിന് മുൻ റബാഡക്കും ജോഷ് ഹെയ്സൽവുഡിനും പിറകിലായി മൂന്നാമതായിരുന്നു ബുംറയുടെ സ്ഥാനം. എന്നാൽ പെർത്തിൽ നടന്ന മത്സരത്തിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി എട്ട് വിക്കറ്റ് നേടിയതോടെ ബുംറ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.
ബുംറയെ കൂടാതെ യുവതാരം യശ്വസ്വി ജയ്‍സ്വാളും റാങ്കിങ്ങിൽ വൻ മുന്നേറ്റമുണ്ടാക്കി. രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റിങ്ങിന്‍റെ നെടുംതൂണായ ജയ്സ്വാൾ 161 റൺസ് അടിച്ചെടുത്തിരുന്നു. പേരുകേട്ട ആസ്ട്രേലിയൻ ബൗളിങ്ങിനെ കബളിപ്പിച്ച് നേടിയ സെഞ്ച്വറിക്ക് പുറമെ തന്‍റെ കരിയർ ബെസ്റ്റ് റാങ്കിങ്ങിലാണ് ജയ്സ്വാളെത്തിയത്. ബാറ്റർമാരുടെ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്താണ് ജയസ്വാൾ. ഒന്നാം സ്ഥാനം ഇംഗ്ലണ്ട് സൂപ്പർതാരം ജോ റൂട്ട് നിലനിർത്തി. ടെസ്റ്റ് കരിയറിൽ 30ാം സെഞ്ച്വറി സ്വന്തമാക്കിയ വിരാട് കോഹ്ലി ഒമ്പത് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 13ാം സ്ഥാനത്തെത്തി. കഴിഞ്ഞ 10 വർഷത്തിനിടയിൽ ആദ്യമായിട്ടായിരുന്നു വിരാട് ആദ്യ 20ൽ നിന്നും പുറത്ത് പോയത്.
ആദ്യ ടെസ്റ്റിന് ശേഷം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് ടേബിളിൽ ഇന്ത്യൻ ടീമും മുന്നിലെത്തിയിരുന്നു. ആസ്ട്രേലിയയെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് ഇന്ത് ഒന്നാമതെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.