‘ജാസ് മിടുക്കനൊക്കെത്തന്നെ... പക്ഷേ, കപിലിനോളം വരില്ല’; ഈ താരതമ്യം പോലും അതിശയിപ്പിക്കുന്നുവെന്ന് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ
text_fieldsബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ ഇന്ത്യയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത് ക്യാപ്റ്റൻ ജസ്പ്രീത് ബുംറയാണ്. മത്സരത്തിൽ എട്ട് ഓസീസ് വിക്കറ്റുകൾ പിഴുത ഇന്ത്യൻ പേസറെ കളിയിലെ താരമായും തെരഞ്ഞെടുത്തിരുന്നു. പിന്നാലെ വൻ പ്രശംസയാണ് താരം നേടുന്നത്. ഇന്ത്യയുടെ മുൻ ക്യാപ്റ്റനും ഇതിഹാസ താരവുമായ കപിൽ ദേവുമായി പോലും ബുംറയെ താരതമ്യപ്പെടുത്തുകയുണ്ടായി. എന്നാൽ 1983 ലോകകപ്പ് ജേതാവ് കൂടിയായ കപിലുമായി ബുംറയെ താരതമ്യപ്പെടുത്താനാകില്ല എന്ന അഭിപ്രായവുമായി രംഗത്തുവന്നിരിക്കുകയാണ് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ ജെഫ് ബോയ്കോട്ട്.
“കപിലിനേക്കാൾ മികച്ച ബോളറാണ് ബുംറയെന്ന് എങ്ങനെയാണ് ചലർക്ക് പറയാൻ കഴിയുന്നത്? ഈ താരതമ്യം എന്നെ അദ്ഭുതപ്പെടുത്തുന്നു. നമ്മൾ ഒരിക്കലും ബുംറയെ കപിലുമായി താരതമ്യപ്പെടുത്തരുത്. ബുംറ മികച്ച രീതിയിൽ പന്തെറിയുന്ന ഫാസ്റ്റ് ബോളറാണ്. പെർത്തിൽ അദ്ദേഹത്തിന്റേത് നല്ല പ്രകടനവുമാണ്. എന്നാൽ കപിലിനേക്കാൾ മികച്ച കളിക്കാരനാണെന്ന് പറയാനാകില്ല.
കപിൽ ഗംഭീരമായി സ്വിങ് ബോളുകൾ എറിയുന്ന താരമായിരുന്നു. അദ്ദേഹത്തിന്റെ ബോളിങ് കാണാത്തവരാണ് ഇപ്പോൾ വിമർശിക്കുന്നത്. ഇപ്പോൾ നടക്കുന്ന കളികൾ മാത്രമേ അവർ കാണുന്നുള്ളൂ. പഴയ പ്രകടനങ്ങൾ വിലയിരുത്താൻ കഴിയുന്ന വിഡിയോ ഫൂട്ടേജുകൾ ഇല്ല. പുതുതലമുറ ഡോണൾഡ് ബ്രാഡ്മാനെയും ഡഗ്ലസ് ജോർദിനെയും തള്ളിപ്പറയുന്ന കാലം വിദൂരമല്ല. പഴയ കളിക്കാരെ കുറിച്ച് പുസ്തകങ്ങളിൽനിന്നും മറ്റും വായിച്ചും മുൻകാല താരങ്ങളോട് ചോദിച്ചും വേണം മനസ്സിലാക്കാൻ” -ബോയ്കോട്ട് പറഞ്ഞു.
1979ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് സന്ദർശനം, 80ലെ ജൂബിലി ടെസ്റ്റ്, 81-82ൽ ഇന്ത്യയിൽ നടന്ന പരമ്പര എന്നിവയിൽ കപിലിനെ നേരിട്ട ഇംഗ്ലിഷ് ഓപണറാണ് ബോയ്കോട്ട്. 108 ടെസ്റ്റിൽനിന്ന് 8114 റൺസാണ് താരം നേടിയിട്ടുള്ളത്. പെർത്തിലെ എട്ട് വിക്കറ്റ് നേട്ടത്തോടെ ബുംറയുടെ ആകെ ടെസ്റ്റ് വിക്കറ്റ് നേട്ടം 41 മത്സരങ്ങളിൽനിന്ന് 181 ആയി. 16 വർഷം നീണ്ട കരിയറിൽ 131 ടെസ്റ്റ് കളിച്ച കപിൽ 434 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്.
അതേസമയം ഒന്നാം ടെസ്റ്റിൽ 295 റൺസിനാണ് ഇന്ത്യ ജയിച്ചത്. അഡ്‌ലെയ്ഡിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യയെ നയിക്കാൻ രോഹിത് ശർമയെത്തും. ഡിസംബർ ആറ് മുതലാണ് മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.