ഇന്ത്യക്ക് തിരിച്ചടി; ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്‍റി20 പരമ്പരക്ക് ബുംറ ഉണ്ടാകില്ല; ചാമ്പ്യൻസ് ട്രോഫിയും സംശയത്തിൽ
text_fieldsമുംബൈ: ഇന്ത്യൻ പേസ് കുന്തമുന ജസ്പ്രീത് ബുംറക്ക് ഇംഗ്ലണ്ടിനെതിരായ പരിമിത ക്രിക്കറ്റ് ഓവർ പരമ്പര നഷ്ടമാകും. ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയിലെ അഞ്ചാം ടെസ്റ്റിനിടെ പരിക്കേറ്റ താരത്തിന്‍റെ ചാമ്പ്യൻസ് ട്രോഫി പങ്കാളിത്തവും സംശയത്തിലാണ്.
ഇന്ത്യ ബോർഡർ ഗവാസ്കർ ട്രോഫി കൈവിട്ടെങ്കിലും ബുംറയാണ് പരമ്പരയിലെ താരം. അഞ്ചു ടെസ്റ്റുകളിലായി 13-06 ശരാശരിയിൽ 32 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ബുംറയുടെ ഒറ്റയാൾ പ്രകടനം കൊണ്ടു മാത്രമാണ് ഫലം കാണിക്കുന്നതുപോലെ (3-1) പരമ്പര ഏകപക്ഷീയമാകാതിരുന്നത്. സിഡ്നി ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ കടുത്ത പുറം വേദനയെ തുടർന്ന് 31കാരനായ ബുംറ പന്തെറിഞ്ഞിരുന്നില്ല. താരത്തിന്‍റെ അഭാവത്തിൽ 162 റൺസ് വിജയലക്ഷ്യം ഓസീസ് അനായാസം മറികടന്നു.
മത്സരത്തിനിടെ കളംവിട്ട താരം, മെഡിക്കൽ സംഘത്തിനൊപ്പം കാറിൽ കയറി സ്കാനിങ്ങിനായി ആശുപത്രിയിലേക്ക് പോകുന്ന വിഡിയോ പുറത്തുവന്നതോടെയാണ് താരത്തിന് പരിക്കേറ്റ വിവരം പുറത്തുവരുന്നത്. താരത്തിന്‍റെ പരിക്കുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ മാസം 22 മുതൽ സ്വന്തം നാട്ടിലാണ് ഇംഗ്ലണ്ടിനെതിരെ ഏകദിന, ട്വന്‍റി20 പരമ്പര ആരംഭിക്കുന്നത്. പരമ്പരക്കുള്ള ടീമിനെ അടുത്ത ആഴ്ച പ്രഖ്യാപിക്കും.
രോഹിത് ശർമ നയിക്കുന്ന ടീമിൽ നിർണായക മാറ്റങ്ങളുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. പരിക്ക് ഗുരുതര മല്ലെങ്കിലും ചാമ്പ്യൻസ് ട്രോഫിക്ക് ഒരുങ്ങുന്നതിനായി ബുംറക്ക് വിശ്രമം നൽകാനും ബി.സി.സി.ഐ ആലോചിക്കുന്നുണ്ട്. അതേസമയം, ഏറെ നാളായി പുറത്തിരിക്കുന്ന മുഹമ്മദ് ഷമി ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തുമെന്നും സൂചനകളുണ്ട്.
ഏകദിന പരമ്പരയിലെ മികവ് പരിഗണിച്ചാകും ഫെബ്രുവരിയിൽ നടക്കുന്ന ഐ.സി.സി ചാമ്പ്യൻസ് ട്രോഫി അന്തിമ ടീമിനെ പ്രഖ്യാപിക്കുക. പ്രകടനം കണക്കിലെടുത്താകും വിരാട് കോഹ്ലി, രോഹിത് ശർമ, കെ.എൽ. രാഹുൽ ഉൾപ്പെടെയുള്ള സീനിയർ താരങ്ങളെ ചാമ്പ്യൻസ് ട്രോഫി ടീമിലേക്ക് പരിഗണിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.