ബുംറ ലോകകപ്പ് ടീമിൽനിന്ന് പുറത്തായിട്ടില്ല; അന്തിമ തീരുമാനം മൂന്നു ദിവസത്തിനുള്ളിലെന്നും സൗരവ് ഗാംഗുലി
text_fieldsമുംബൈ: പരിക്കേറ്റെങ്കിലും പേസർ ജസ്പ്രീത് ബുംറ ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽനിന്ന് ഇതുവരെ പുറത്തായിട്ടില്ലെന്ന് ബി.സി.സി.ഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. തിരുവനന്തപുരത്ത് ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ട്വന്റി20 പരമ്പരക്ക് മുന്നോടിയായാണ് ബുംറയുടെ മുതുകിനു പരിക്കേറ്റത്.
ബുംറയുടെ കാര്യത്തിൽ രണ്ടോ മൂന്നോ ദിവസത്തിനകം അന്തിമ തീരുമാനമുണ്ടാകുമെന്നും കൊൽക്കത്തയിൽ ഒരു മാധ്യമത്തോട് ഗാംഗുലി പറഞ്ഞു. പരിക്കേറ്റതിനെ തുടർന്ന് ബുംറ ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിൽനിന്നു പുറത്തായിരുന്നു. പകരം പേസർ മുഹമ്മദ് സിറാജിനെ ടീമിലെടുത്തിട്ടുണ്ട്. പരിക്കിൽനിന്ന് മോചിതനാകാൻ ആറുമാസത്തെ വിശ്രമം വേണമെന്നും താരം ലോകകപ്പില്‍ കളിച്ചേക്കില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ബുംറ നിലവിൽ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ്. ചികിത്സയുടെ ഭാഗമായി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് താരം. പരിക്കിനെ തുടർന്ന് താരത്തിന് ഏഷ്യാ കപ്പിൽ കളിക്കാനായില്ല. ആസ്ട്രേലിയക്കെതിരായ രണ്ട് ട്വന്റി20 മത്സരങ്ങളിൽ ബുംറ കളിച്ചെങ്കിലും വിക്കറ്റൊന്നും നേടാനായില്ല. ഒക്ടോബർ 23ന് മെൽബണിൽ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.