പന്തെറിയുമ്പോൾ ഏറ്റവും ബുദ്ധിമുട്ട് തോന്നിയ ബാറ്റർ ആര്? ബുംറയുടെ മറുപടിക്ക് കൈയടിച്ച് വിദ്യാർഥികൾ
text_fieldsമുംബൈ: ഇന്ത്യൻ ബൗളിങ് അറ്റാക്കിന്‍റെ കുന്തമുനയാണ് ജസ്പ്രീത് ബുംറ. പന്തെറിയുന്നത് ബുംറയാണെങ്കിൽ ക്രീസിലുള്ള ഏതൊരു ബാറ്ററും ഒന്നു ഭയക്കും.
ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലും ഒരുപോലെ പന്തെറിയാൻ താരത്തിനാകും. ഇടവേളക്കുശേഷം ഇന്ത്യക്ക് ട്വന്‍റി20 ലോകകപ്പ് നേടികൊടുക്കുന്നതിൽ നിർണായകമായത് ബുംറയുടെ ബൗളിങ് പ്രകടനമായിരുന്നു. ടൂർണമെന്‍റിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞദിവസം ബുംറ ഒരു കോളജിലെ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുന്ന വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പന്തെറിയുമ്പോൾ ഏറ്റവും ബുദ്ധിമുട്ട് തോന്നിയ ബാറ്റർ ആരെന്ന വിദ്യാർഥിയുടെ ചോദ്യത്തിന് താരം നൽകുന്ന മറുപടിയാണ് വിഡിയോയിൽ.
‘നോക്കു, നല്ലൊരു ഉത്തരം നൽകണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ, അങ്ങനെ ഒരാളുണ്ടെന്ന് വിശ്വസിക്കാതിരിക്കാനാണ് എനിക്ക് ഇഷ്ടം എന്നതാണ് യഥാർഥ്യം. എല്ലാവരെയും ബഹുമാനിക്കുന്ന ഒരാളാണ് ഞാൻ. പക്ഷേ, എന്റെ ജോലി ഏറ്റവും നന്നായി ചെയ്താൽ ഈ ലോകത്ത് ആർക്കും എന്നെ തടയാനാകില്ല എന്ന് സ്വയം പറഞ്ഞ് വിശ്വസിക്കാനാണ് എനിക്കിഷ്ടം’ -ബുംറ വിഡിയോയിൽ പറയുന്നു.
എതിരാളി ആരുമായിക്കൊള്ളട്ടെ, ഞാൻ എന്നെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. എല്ലാറ്റിനും മീതെ എനിക്ക് നിയന്ത്രണമുണ്ട് എന്ന് ചിന്തിച്ചാൽ, ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനായാൽ ബാക്കിയെല്ലാം ശരിയായിക്കൊള്ളും എന്നാണ് ഞാൻ കരുതുന്നത്. അല്ലാതെ ബാറ്റർക്ക് മേധാവിത്തം നൽകുന്ന രീതിയിൽ ചിന്തിക്കാൻ ഞാൻ താൽപര്യപ്പെടുന്നില്ലെന്നും അതിന് തയാറുമല്ലെന്നും ബുംറ പറയുന്നു. ട്വന്‍റി20 ലോകകപ്പിനുശേഷം ബുംറ അവധിയെടുത്ത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ്.
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ താരം ഇന്ത്യൻ സ്ക്വാഡിൽ മടങ്ങിയെത്തും. സെപ്റ്റംബർ 19നാണ് ടെസ്റ്റ് ആരംഭിക്കുന്നത്. രണ്ടു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇന്ത്യക്കായി 36 ടെസ്റ്റുകൾ കളിച്ചിട്ടുള്ള താരം 159 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2.74 ആണ് ശരാശരി. 89 ഏകദിനങ്ങളിൽനിന്ന് 149 വിക്കറ്റുകളും 70 ട്വന്‍റി20 മത്സരങ്ങളിൽനിന്ന് 89 വിക്കറ്റുകളും താരത്തിന്‍റെ പേരിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.