പുതിയ ദിവസം പുതിയ റെക്കോഡുമായി ബുംറ; 30 വിക്കറ്റ് നേടി സ്വന്തമാക്കിയത് ഒരുപിടി റെക്കോഡുകൾ!
text_fieldsബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പര നാലാം ടെസ്റ്റ് അവസാന ദിനം മറ്റൊരു റെക്കോഡ് നേടി ഇന്ത്യൻ പേസ് ബൗളർ സൂപ്പർതാരം ജസ്പ്രീത് ബുംറ. ആസ്ട്രേലിയൻ വാലറ്റനിരയിലെ നഥാൻ ലിയോണിനെ അഞ്ചാം ദിനം തന്‍റെ ആദ്യ ഓവറിൽ തന്നെ പുറത്താക്കിയാണ് ബുംറ റെക്കോഡിട്ടത്. രണ്ടാം ഇന്നിങ്സിൽ താരത്തിന്‍റെ അഞ്ചാം വിക്കറ്റായിരുന്നു ഇത്. ഇതോടെ ഈ പരമ്പരയിൽ താരം 30 വിക്കറ്റുകൾ സ്വന്തമാക്കി.
നാല് മത്സരത്തിൽ നിന്നുമാണ് താരം 30 വിക്കറ്റ് സ്വന്തമാക്കിയത്. ആ മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ബുംറ നാല് വിക്കറ്റ് നേടിയിരുന്നു. ആസ്ട്രേലിയൻ മണ്ണിൽ ഒരു പരമ്പരയിൽ 30 വിക്കറ്റ് നേടുന്ന വെറും രണ്ടാമത്തെ മാത്രം ഇന്ത്യൻ ബൗളറാണ് ബുംറ. ബിഷൻ സിങ് ബേദിയാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യൻ ബൗളർ. 32 വർഷങ്ങൾക്ക് ശേഷം കർട്ട്ലി ആംബ്രോസിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ബൗളറും ബുംറയാണ്.
ഈ പരമ്പരയിൽ മൂന്ന് തവണയാണ് ബുംറ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തം പേരിൽ കുറിച്ചത്. ഇതിന് മുമ്പ് ബേദി, ബി.എസ്. ചന്ദ്രശേഖർ, അനിൽ കുംബ്ലെ എന്നിവർ മാത്രമാണ് ഈ നേട്ടത്തിലെത്തിയത്. 30 വിക്കറ്റ് നേടുന്ന ആദ്യ പേസ് ബൗളറാകാനും ബുംറക്കായി. പാകിസ്താൻ ഇതിഹാസ താരം ഇമ്രാൻ ഖാനാണ് ഇതിന് മുമ്പ് ഏഷ്യയിൽ നിന്നും മൂന്ന് അഞ്ച് വിക്കറ്റ് നേട്ടങ്ങൾ സ്വന്തമാക്കിയ പേസ് ബൗളർ.
21ാം നൂറ്റാണ്ടിൽ ആസ്ട്രേലിയയുടെ തട്ടകത്തിൽ നടന്ന ബോർഡർ ഗവാസ്കർ ട്രോഫി മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരവും ബുംറ തന്നെയാണ്. 2011-12 പരമ്പരയിൽ ബെൻ ഹിൽഫനോസ് നേടിയ 27 വിക്കറ്റ് നേട്ടമാണ് ബുംറ കടപുഴകിയത്. 2003-2004 പരമ്പരയിൽ ഇന്ത്യൻ സ്പിൻ ഇതിഹാസം അനിൽ കുംബ്ലെ 24 വിക്കറ്റ് സ്വന്തമാക്കിയിരുന്നു. ഒരു മത്സരം ബാക്കിയിരിക്കെ മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കിയാൽ ബോർഡർ ഗവാസ്കർ ട്രോഫി ചരിത്രത്തിൽ ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമാകാനും ബുംറക്ക് സാധിക്കും. 2001ൽ ഇന്ത്യയിൽ വെച്ച് നടന്ന പരമ്പരയിൽ ഹർഭജൻ സിങ് സ്വന്തമാക്കിയ 32 വിക്കറ്റുകളാണ് ബുംറക്ക് മറികടക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.