ഫിറ്റ്നസിൽ ആശങ്ക; ജസ്പ്രീത് ബുംറയെ ഏകദിന ടീമിൽനിന്ന് ഒഴിവാക്കി
text_fieldsശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് പേസര്‍ ജസ്പ്രീത് ബുംറയെ ഒഴിവാക്കി. ഫിറ്റ്നസ് ആശങ്കയെ തുടർന്നാണ് താരത്തെ ഒഴിവാക്കിയതെന്നാണ് ബി.സി.സി.ഐയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
ആദ്യം പ്രഖ്യാപിച്ച ടീമിലില്ലാതിരുന്ന ബുംറയെ പിന്നീടാണ് സെലക്ഷന്‍ കമ്മിറ്റി ടീമിലുള്‍പ്പെടുത്തിയത്. ചൊവ്വാഴ്ച ഗുവാഹത്തിയില്‍ ആദ്യ ഏകദിനം നടക്കാനിരിക്കെയാണ് താരത്തെ ഒഴിവാക്കിയ വിവരം ബി.സി.സി.ഐ അറിയിച്ചത്. ടീം അംഗങ്ങൾ ഗുവാഹത്തിയിൽ എത്തിയെങ്കിലും ബുംറ ടീമിനൊപ്പം ചേര്‍ന്നിരുന്നില്ല. പരിക്കില്‍നിന്ന് മോചിതനായി തിരിച്ചെത്തിയ താരത്തെ വരാനിരിക്കുന്ന സുപ്രധാന പരമ്പരകള്‍ കണക്കിലെടുത്ത് വളരെ പെട്ടെന്ന് മത്സര ക്രിക്കറ്റ് കളിപ്പിക്കേണ്ടെന്ന തീരുമാനവും ഇതിനു പിന്നിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
കഴിഞ്ഞ സെപ്റ്റംബറിൽ ആസ്ട്രേലിയക്കെതിരായ ട്വന്‍റി20 മത്സരത്തിലാണ് ബുംറ അവസാനമായി കളിച്ചത്. ഏഷ്യ കപ്പും ട്വന്‍റി20 ലോകകപ്പും താരത്തിന് നഷ്ടമായിരുന്നു. താരത്തിന്‍റെ അഭാവം ഇന്ത്യൻ ബൗളിങ്ങിലും പ്രകടമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.