സഞ്ജു, ബുംറ, ജയ്സ്വാൾ. പന്ത്; ഉത്തേജക വിരുദ്ധ ഏജൻസിയുടെ പരിശോധനാ പട്ടികയിൽ 14 ക്രിക്കറ്റ് താരങ്ങൾ
text_fieldsകായിക മേഖലയിൽ ഉത്തേജക മരുന്നുകളുടെ ഉപയോഗത്തിൽ കർശന നിയന്ത്രണം ഉറപ്പിക്കാനായി പ്രവർത്തിക്കുന്ന ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ (നാഡ) പരിധിയിലേക്ക് കൂടുതൽ ക്രിക്കറ്റ് താരങ്ങളെ ഉൾപ്പെടുത്തുന്നു. ഇതിനായി നാഡ തയ്യാറാക്കായി രജിസ്റ്റേഡ് ടെസ്റ്റിങ് പൂളിൽ (ആർ.ടി.പി) 14 ക്രിക്കറ്റ് താരങ്ങളെ ഉൾപ്പെടുത്തിയതായി റിപ്പോർട്ടുകൾ. 2019ലും നാഡ ഏതാനും ക്രിക്കറ്റ് താരങ്ങളെ ഉൾപ്പെടുത്തി ആർ.ടി.പി തയ്യാറാക്കിയിരുന്നു.
മലയാളി താരം സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത് അടക്കമുള്ളവരാണ് പുതിയതായി പട്ടികയിൽ എത്തിയിരിക്കുന്നത്. ഇന്ത്യൻ പുരുഷ ടീമിൽ നിന്നു 11 പേരേയും വനിതാ ടീമിൽ നിന്നു മൂന്ന് പേരെയുമാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയത്.
സൂപ്പർ താരം ജസ്പ്രിത് ബുംറ, ഓൾറൗണ്ടർ ഹർദിക്ക് പാണ്ഡ്യ, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ എന്നിവരോടൊപ്പം യുവ താരങ്ങളായ യശസ്വി ജയ്സ്വാൾ, അർഷ്ദീപ് സിങ്, തിലക് വർമ എന്നിവരുമ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന താരങ്ങളാണ്. വനിതാ ടീമിൽ നിന്നു ഷെഫാലി വർമ, ദീപ്തി ശർമ, രേണുക സിങ് ഠാക്കൂർ എന്നിവരെയും പരിശോധനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പട്ടികയിൽ ഉൾപ്പെട്ട താരങ്ങൾ അവരുടെ യാത്രകളുടെ വിശദാംശങ്ങൾ ഉൾപ്പെടെ നാഡയ്ക്ക് കൈമാറേണ്ടി വരും. താമസ സ്ഥലത്തെ വിലാസം, ഇ മെയിൽ വിലാസം, ഫോൺ നമ്പർ, ട്രെയിനിങ്ങിന്റേയും മത്സരത്തിന്റേയും സമയക്രമം ഉൾപ്പെടെയുള്ള വിശദാംശങ്ങളും താരങ്ങൾ നൽകണം.
ആദ്യ ഘട്ട പരിശോധനക്കായി ഇംഗ്ലണ്ടിനെതിരായ ടി-20, ഏകദിന പരമ്പരകൾക്കിടെ താരങ്ങളുടെ മൂത്ര സാംപിളുകൾ ശേഖരിക്കുമെന്നാണ് റിപ്പോർട്ട്. പരമ്പരയ്ക്കിടെ നാഡ ഉദ്യോഗസ്ഥർ വിവിധ മത്സര വേദികളിലെത്തുമെന്നു ബി.സി.സി.ഐയെ അറിയിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.