ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യം! റെക്കോഡ് ബുക്കിൽ ഇടംനേടി ബുംറ
text_fieldsടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 150 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഇന്ത്യൻ താരമായി പേസർ ജസ്പ്രീത് ബുംറ. വിശാഖപട്ടണത്ത് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സിനെ പുറത്താക്കിയാണ് 30കാരനായ ബുംറ റെക്കോഡ് ബുക്കിൽ ഇടംനേടിയത്.
50ാം ഓവറിലെ രണ്ടാം പന്തിൽ 47 റൺസെടുത്ത സ്റ്റോക്സിനെ താരം ക്ലീൻ ബൗൾഡാക്കുകയായിരുന്നു. 34 ടെസ്റ്റുകളിലാണ് 150 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 35ൽ കുറവ് മത്സരങ്ങൾ കളിച്ച് ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് ബുംറ. എറിഞ്ഞ പന്തുകൾ നോക്കുമ്പോൾ, 6781 ബാളുകളിലാണ് താരം നേട്ടത്തിലെത്തിയത്. 7661 ബാളുകളിൽ 150 വിക്കറ്റ് നേടിയ ഉമേഷ് യാദവാണ് രണ്ടാമത്. മുഹമ്മദ് ഷമിയും (7755 ബാളുകളിൽ) കപിൽ ദേവുമാണ് (8378 ബാളുകളിൽ) യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ.
2018ൽ ദക്ഷിണാഫ്രിക്കക്കെതിരെയാണ് ബുംറ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. 34 ടെസ്റ്റുകളിൽ 64 ഇന്നിങ്സുകളിൽനിന്നായി താരത്തിന്‍റെ വിക്കറ്റ് നേട്ടം 152 ആയി. ബുംറയുടെ മാജിക്ക് ബൗളിങ്ങാണ് രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ബാറ്റിങ്ങിന്‍റെ നട്ടെല്ലൊടിച്ചത്. 15.5 ഓവറിൽ 45 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. അഞ്ച് മെയ്ഡൻ ഓവറുകളും എറിഞ്ഞു.
മത്സരത്തിൽ ഒലീ പോപ്പിനെ ക്ലീൻ ബൗൾഡാക്കിയ ബുംറയുടെ യോർക്കർ കണ്ട് അദ്ഭുതപ്പെട്ടിരിക്കുകയാണ് ക്രിക്കറ്റ് ലോകം. 55 പന്തിൽ 23 റൺസെടുത്ത് നിൽക്കെയാണ് ബുംറയുടെ അത്യുജ്വല ഇൻസ്വിങ് യോർക്കറിൽ പോപ്പ് ക്ലീൻ ബൗൾഡാകുന്നത്. ആ യോർക്കറിൽ പോപ്പ് മാത്രമല്ല...ഗാലറിയും ക്രിക്കറ്റ് ലോകവും ഒരു നിമിഷം അദ്ഭുതപ്പെട്ടുപോയി. മികച്ച തുടക്കം ലഭിച്ചിട്ടും ബുംറയുടെ തകർപ്പൻ ബൗളിങ്ങിൽ ഇംഗ്ലണ്ടിന്‍റെ മധ്യനിര തകർന്നടിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.