ഇതിലും മികച്ചൊരു യോർക്കർ കണ്ടിട്ടില്ല! ബുംറയുടെ ഇൻസ്വിങ് യോർക്കറിൽ പോപ്പ് ക്ലീൻ ബൗൾഡ് -വിഡിയോ
text_fieldsവിശാഖപട്ടണം: പേസർ ജസ്പ്രീത് ബുംറയുടെ ആറാട്ടാണ് രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ബാറ്റിങ്ങിന്‍റെ നട്ടെല്ലൊടിച്ചത്. 15.5 ഓവറിൽ 45 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. അഞ്ച് മെയ്ഡൻ ഓവറുകളും എറിഞ്ഞു. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ 150 വിക്കറ്റുകളെന്ന നാഴികക്കല്ലും താരം പിന്നിട്ടു.
എന്നാൽ, മത്സരത്തിൽ ഒലീ പോപ്പിനെ ക്ലീൻ ബൗൾഡാക്കിയ ബുംറയുടെ യോർക്കർ കണ്ട് അദ്ഭുതപ്പെട്ടിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഒന്നാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സ് ലീഡ് നേടിയിട്ടും ഇന്ത്യ മത്സരം കൈവിട്ടതിനു പിന്നിൽ രണ്ടാം ഇന്നിങ്സിൽ 26കാരൻ പോപ്പ് നേടിയ തകർപ്പൻ സെഞ്ച്വറിയാണ്. അതുകൊണ്ടു തന്നെ മധ്യനിര താരത്തിന്‍റെ വിക്കറ്റ് ഇന്ത്യക്ക് ഏറെ നിർണായകമായിരുന്നു.
55 പന്തിൽ 23 റൺസെടുത്ത് നിൽക്കെയാണ് ബുംറയുടെ അത്യുജ്വല ഇൻസ്വിങ് യോർക്കറിൽ പോപ്പ് ക്ലീൻ ബൗൾഡാകുന്നത്. ആ യോർക്കറിൽ പോപ്പ് മാത്രമല്ല...ഗാലറിയും ക്രിക്കറ്റ് ലോകവും ഒരു നിമിഷം അദ്ഭുതപ്പെട്ടുപോയി. സ്ലോ ബാളോ, ഷോർട്ട് ബാളോ ആണ് ഇംഗ്ലീഷ് താരം പ്രതീക്ഷിച്ചത്. മിസൈൽ കണക്കെ കുതിച്ചെത്തിയ യോർക്കറിനെ പ്രതിരോധിക്കുന്നതിൽ താരം പരാജയപ്പെട്ടു.
അപ്രതീക്ഷിത യോർക്കറിന് മുന്നിൽ പുറത്തായതിന്‍റെ അവിശ്വസനീയതയും നിരാശയും ഇംഗ്ലീഷ് താരത്തിന്‍റെ മുഖത്ത് കാണമായിരുന്നു. നേരത്തെ, ബെൻ ഡക്കറ്റ് പുറത്തായശേഷം ക്രീസിലെത്തിയ ഉടനെ പോപ്പിനെ പുറത്താക്കാൻ ഇന്ത്യക്ക് ആദ്യ പന്തിൽ തന്നെ സുവർണാവസരം ലഭിച്ചിരുന്നു. കുൽദീപ് യാദവിന്‍റെ പന്തിൽ സ്റ്റമ്പ് ചെയ്യാൻ അവസരം കിട്ടിയെങ്കിലും വിക്കറ്റ് കീപ്പർ കെ.എസ്. ഭരതിന് മുതലെടുക്കാനായില്ല.
മികച്ച തുടക്കം ലഭിച്ചിട്ടും ബുംറയുടെ തകർപ്പൻ ബൗളിങ്ങിൽ ഇംഗ്ലണ്ടിന്‍റെ മധ്യനിര തകർന്നടിയുകയായിരുന്നു. ടെസ്റ്റിലെ പത്ത് ഇന്നിങ്സുകളിൽ അഞ്ചാം തവണയാണ് ബുംറ പോപ്പിനെ മടക്കുന്നത്. ഇതോടെ പോപ്പിനെ ഏറ്റവും കൂടുതൽ തവണ പുറത്താക്കുന്ന ബൗളർമാരിൽ ന്യൂസിലൻഡിൻറെ നീൽ വാഗ്‌നർക്കൊപ്പമെത്താനും ബുംറക്കായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.