ജെയ് ഷാ വീണ്ടും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റ്
text_fieldsബാലി: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റായി ബി.സി.സി.ഐ സെക്രട്ടറി ജെയ് ഷായെ വീണ്ടും തെരഞ്ഞെടുത്തു. മൂന്നാം തവണയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത്. ബാലിയിൽ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ഐകകണ്ഠ്യേനയായിരുന്നു തെരഞ്ഞെടുപ്പ്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോർഡ് പ്രസിഡന്‍റ് ഷമ്മി സില്‍വയാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും ജെയ് ഷായുടെ പേര് നിര്‍ദേശിച്ചത്.
2021 ജനുവരിയിലാണ് ജെയ് ഷാ ആദ്യമായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിൽ പ്രസിഡന്റാവുന്നത്. രണ്ട് വര്‍ഷമായിരുന്നു കാലാവധി. 2023ല്‍ ഒരു വര്‍ഷത്തേക്ക് കൂടി വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ജെയ് ഷാ ചുമതലയേറ്റശേഷം ഏഷ്യാ കപ്പ് ട്വന്റി 20 ഫോര്‍മാറ്റിലും ഏകദിന ഫോര്‍മാറ്റിലും വിജയകരമായി പൂര്‍ത്തിയാക്കിയെന്നും അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍, കംബോഡിയ, ചൈന, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ ക്രിക്കറ്റിന് പ്രചാരം നേടിക്കൊടുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചെന്നും ഷമ്മി സില്‍വ ചൂണ്ടിക്കാട്ടി. ഒരു വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടിയതോടെ ഈ വര്‍ഷം നവംബറില്‍ നടക്കുന്ന രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) ചെയര്‍മാൻ തെരഞ്ഞെടുപ്പില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രതിനിധിയായി ജയ് ഷാ മത്സരിച്ചേക്കും. ന്യൂസിലന്‍ഡിന്‍റെ ഗ്രെഗ് ബാര്‍ക്ലേ ആണ് നിലവിലെ ഐ.സി.സി ചെയര്‍മാന്‍.
2009ല്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ കൂടിയായ ജെയ് ഷാ ക്രിക്കറ്റ് ഭരണരംഗത്ത് വരുന്നത്. 2013ല്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍റെ ജോയന്‍റ് സെക്രട്ടറിയായി. 2015ല്‍ ബി.സി.സി.ഐ ഫിനാന്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് കമ്മിറ്റി അംഗമായ ഷാ 2019ലാണ് ബി.സി.സി.ഐ സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.