ജയ് ഷാ ഐ.സി.സിയിലേക്ക്; പിൻഗാമിയാര്?
text_fieldsന്യൂഡൽഹി: ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ തലപ്പത്തേക്ക് പോകുന്നുവെന്ന വാർത്തകൾക്കിടെ പിൻഗാമിയാരെന്ന സംശയങ്ങൾ ബാക്കി. ഐ.സി.സി ബോർഡിൽ 16ൽ 15 പേരുടെയും പിന്തുണയോടെ പദവിയേറൽ എളുപ്പമാണെങ്കിലും ബി.സി.സി.ഐയിൽ ഒരു വർഷം ബാക്കിനിൽക്കെ നിൽക്കണോ പോകണോ എന്ന് തീരുമാനമെടുക്കാൻ ഇനി മണിക്കൂറുകൾ ബാക്കി.
പുതിയ ഐ.സി.സി ചെയർമാൻ ചുമതലയേൽക്കൽ ഡിസംബർ ഒന്നിനാണെങ്കിലും നാമനിർദേശം ആഗസ്റ്റ് 27നകം സമർപ്പിക്കണം. തുടർച്ചയായ രണ്ടാം തവണ ബി.സി.സി.ഐ സെക്രട്ടറിയായി തുടരുന്ന ജയ് ഷാക്ക് ഇതേ പദവിയിൽ തിരിച്ചെത്താൻ മൂന്നുവർഷം നിർബന്ധിത ഇടവേള ആവശ്യമാണ്. 2025 ഒക്ടോബർവരെ നിലവിൽ ബി.സി.സി.ഐയിൽ സമയം ബാക്കിയുണ്ട്. അതിനാൽ അതുകഴിഞ്ഞ് മൂന്നു വർഷമാകും ഇടവേള.
അതിനിടെ, ബി.സി.സി.ഐയിൽ ആരാകും പിൻഗാമിയെന്ന ചോദ്യമാണ് ഇതിലേറെ പ്രധാനം. നിലവിലെ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയാണ് ഒന്നാമൻ. നിലവിലെ കോൺഗ്രസിന്റെ രാജ്യസഭ എം.പിയായ ശുക്ലക്ക് നിലവിലെ പദവിയിൽ ഒരുവർഷം കൂടിയുണ്ടെങ്കിലും സെക്രട്ടറി പദം വന്നുവിളിച്ചാൽ സ്വീകരിക്കുമെന്നുറപ്പ്. ബി.സി.സി.ഐ ട്രഷററും മഹാരാഷ്ട്ര ബി.ജെ.പി നേതാവുമായ ആശിഷ് ഷേലാറാണ് മറ്റൊരാൾ. രാഷ്ട്രീയത്തിൽ കൂടുതൽ സജീവമായതിനാൽ ബി.സി.സി.ഐ സെക്രട്ടറി പദത്തിലേക്ക് മാറാൻ ഷേലാർ താൽപര്യപ്പെടുമോ എന്നാണ് ഉറ്റുനോക്കുന്നത്.
ഐ.പി.എൽ ചെയർമാൻ അരുൺ ധുമാലിന്റെ പേരും മുന്നിലുണ്ട്. ബി.സി.സി.ഐ ജോയന്റ് സെക്രട്ടറി ദേവജിത് ലോൺ സെയ്കിയ, ഡി.ഡി.സി.എ പ്രസിഡന്റ് രോഹൻ ജെയ്റ്റ്ലി, സി.എ.ബി പ്രസിഡന്റ് അവിശേക് ഡാൽമിയ, പഞ്ചാബിൽനിന്നുള്ള ദിൽഷർ ഖന്ന, ഗോവ പ്രതിനിധി വിപുൽ ഫാഡ്കെ തുടങ്ങിയവരും സാധ്യത പട്ടികയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.