'ബെയർ സ്റ്റോ'പ്പില്ലാത്ത 'റൂട്ടി'ൽ ഇംഗ്ലണ്ടിന് ഏഴുവിക്കറ്റിന്റെ ആവേശജയം
text_fieldsബിർമിങ്ഹാം: വിജയത്തിലേക്കെന്നുതോന്നിച്ച വമ്പൻ ടോട്ടൽ വെച്ചുനീട്ടിയിട്ടും എജ്ബാസ്റ്റണിൽ ഇന്ത്യ കീഴടങ്ങി. ഋഷഭ് പന്തും രവീന്ദ്ര ജദേജയും ഒന്നാമിന്നിങ്സിൽ നടത്തിയ തേരോട്ടത്തിന് മറുപടിയായി ജോ റൂട്ടിന്റെയും ജോണി ബെയർസ്റ്റോയുടേയും അശ്വമേധം..ഉരുളക്കുപ്പേരിയെന്നോണം, ഇന്ത്യക്ക് മറുപടി നൽകാൻ ഇംഗ്ലണ്ടിനത് ധാരാളമായിരുന്നു. എജ്ബാസ്റ്റണിൽ ആശങ്കവേളകളെ അതിർവരക്കപ്പുറത്തേക്ക് അടിച്ചകറ്റി വമ്പൻ വിജയലക്ഷ്യം എത്തിപ്പിടിക്കാൻ ഇരുവരും പാഡണിഞ്ഞ് അജയ്യരായപ്പോൾ ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഏഴു വിക്കറ്റിന്റെ ആവേശ ജയം കുറിച്ചു. റൂട്ടും (142 നോട്ടൗട്ട്) ബെയർസ്റ്റോയും (114 നോട്ടൗട്ട്) രണ്ടാമിന്നിങ്സിൽ നേടിയ തകർപ്പൻ അപരാജിത ശതകങ്ങളുടെ പിൻബലത്തിലായിരുന്നു പരാജയഭീതിയിൽനിന്ന് ആതിഥേയർ ഗംഭീരജയത്തിലേക്ക് പൊരുതിക്കയറിയത്. ടെസ്റ്റിൽ ഇന്ത്യ ഇതോടെ പരമ്പര 2-2ന് തുല്യനിലയിൽ കലാശിച്ചു.
ജയിക്കാൻ ഏഴു വിക്കറ്റ് കൈയിലിരിക്കേ 119 റൺസ് മതിയെന്ന നിലയിൽ ക്രീസിലിറങ്ങിയ ആതിഥേയ ബാറ്റ്സ്മാന്മാർ ജസ്പ്രീത് ബുംറക്കും കൂട്ടുകാർക്കും ഒരു പഴുതും നൽകിയില്ല. 378 റൺസെന്ന വമ്പൻ ലക്ഷ്യത്തിലേക്ക് വിജയതൃഷ്ണയും ആത്മവിശ്വാസവും ചാലിച്ച് ബാറ്റുവീശിയ ഇംഗ്ലീഷുകാർ ഇന്നിങ്സിന്റെ ഒരു ഘട്ടത്തിലും തോൽവി ഭയക്കേണ്ട അവസ്ഥയിലായിരുന്നില്ല.
അലക്സ് ലീസും (56) സാക്ക് ക്രോളിയും (46) ചേർന്ന് നൽകിയ മികച്ച തുടക്കത്തിന്റെ അടിത്തറയിൽനിന്നാണ് റൂട്ട്-ബെയർസ്റ്റോ സഖ്യം തേരോട്ടം നടത്തിയത്. ഇതിനിടയിൽ ഒലീ പോപ് പൂജ്യത്തിന് കൂടാരം കയറിയതൊന്നും അവരെ അലട്ടിയതേയില്ല. അഭേദ്യമായ നാലാം വിക്കറ്റിൽ 316 പന്തിൽ 269 റൺസിന്റെ അത്യുജ്വല കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്.
ഒന്നാമിന്നിങ്സിൽ 132 റൺസിന്റെ ലീഡ് വഴങ്ങിയശേഷമാണ് ഇംഗ്ലണ്ടിന്റെ വീരോചിത തിരിച്ചുവരവ്. ഒന്നാമിന്നിങ്സിലും സെഞ്ച്വറി നേടിയ ബെയർസ്റ്റോ രണ്ടാമിന്നിങ്സിൽ റൂട്ടിനൊത്ത കൂട്ടായി. റൂട്ട് 173 പന്തിൽ 19 ഫോറും ഒരു സിക്സുമടക്കം 142ലെത്തിയപ്പോൾ 145 പന്തിൽ 15 ഫോറും ഒരു സിക്സുമടങ്ങിയതായിരുന്നു ബെയർസ്റ്റോയുടെ ഇന്നിങ്സ്. ഇംഗ്ലണ്ട് 284 റൺസിന് പുറത്തായ ഒന്നാമിന്നിങ്സിൽ 106 റൺസായിരുന്നു ബെയർസ്റ്റോയുടെ സംഭാവന.
ഇന്ത്യൻ നിരയിൽ ക്യാപ്റ്റൻ ബുറം 74 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ബെയർസ്റ്റോയാണ് െപ്ലയർ ഓഫ് ദ മാച്ച്. റൂട്ടാണ് െപ്ലയർ ഓഫ് ദ സീരീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.