ജോ റൂട്ടിന് ടെസ്റ്റിൽ ചരിത്ര നേട്ടം; ലാറയുടെ റെക്കോഡ് മറികടന്നു
text_fieldsബര്‍മിങ്ഹാം: ടെസ്റ്റ് ക്രിക്കറ്റില്‍ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് ഇംഗ്ലീഷ് താരം ജോ റൂട്ട്. മൂന്ന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യു.ടി.സി) സൈക്കിളിൽ 1000 റൺസ് നേടുന്ന ആദ്യ താരമായി റൂട്ട്. വെസ്റ്റിൻഡീസിനെതിരായ മൂന്നാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സിലാണ് താരം നേട്ടം സ്വന്തമാക്കിയത്. 124 പന്തിൽ 87 റൺസെടുത്താണ് താരം പുറത്തായത്. 2023-25 സൈക്കിളിൽ 13 ടെസ്റ്റുകളിൽനിന്നായി താരം 1023 റൺസാണ് ഇതുവരെ നേടിയത്.
2019-21 സൈക്കിളിൽ 20 മത്സരങ്ങളിൽനിന്ന് 1660 റൺസും 2021-23 സൈക്കിളിൽ 22 മത്സരങ്ങളിൽനിന്ന് 1915 റൺസും റൂട്ട് നേടിയിരുന്നു. 2023-25 സൈക്കിളിൽ റൂട്ടിനു പുറമെ, ഇന്ത്യൻ സ്റ്റാർ ഓപ്പണർ യശസ്വി ജയ്സ്വാൾ മാത്രമാണ് 1000 റൺസ് നേട്ടം പിന്നിട്ടത്. ആസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനും മാർനസ് ലബുഷെയ്നും മാത്രമാണ് ഡബ്ല്യു.ടി.സി സൈക്കിളിൽ രണ്ടു തവണ 1000 റൺസ് നേട്ടം പിന്നിടാനായത്. കൂടാതെ, ടെസ്റ്റിലെ റണ്‍വേട്ടക്കാരില്‍ വെസ്റ്റിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയെയും (11,953) താരം മറികടന്നു.
ടെസ്റ്റില്‍ 12,000 റണ്‍സ് തികക്കുന്ന രണ്ടാമത്തെ ഇംഗ്ലീഷ് താരമാണ് റൂട്ട്. 143ാം ടെസ്റ്റിലെ 261-ാം ഇന്നിങ്‌സിലാണ് റൂട്ട് ഈ നാഴികക്കല്ലിലെത്തിയത്. നിലവിൽ 12,027 റൺസുമായി ഏഴാം സ്ഥാനത്താണ് താരം. മുന്‍ ക്യാപ്റ്റന്‍ സര്‍ അലസ്റ്റര്‍ കുക്കാണ് ആദ്യം ഈ നേട്ടം സ്വന്തമാക്കിയ ഇംഗ്ലീഷ് താരം. ടെസ്റ്റില്‍ 12,000 റണ്‍സ് തികക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരം കൂടിയാണ് റൂട്ട്. 33 വര്‍ഷവും 210 ദിവസവും പ്രായമുള്ളപ്പോഴാണ് റൂട്ട് ഈ നേട്ടത്തിലെത്തിയത്.
ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍ (15921), റിക്കി പോണ്ടിങ്ങ് (13378), ജാക്ക് കാലിസ് (13289), രാഹുല്‍ ദ്രാവിഡ് (13288), അലസ്റ്റര്‍ കുക്ക് (12472), കുമാര്‍ സംഗക്കാര (12400) എന്നിവരാണ് റണ്‍വേട്ടയില്‍ മുന്നിലുള്ള താരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.