സെഞ്ച്വറി നേട്ടത്തിൽ ജോ റൂട്ട് ഇനി രോഹിത്തിനൊപ്പം; കളിക്കുന്ന താരങ്ങളിൽ മുന്നിൽ കോഹ്ലി മാത്രം
text_fieldsലണ്ടൻ: ഇംഗ്ലണ്ട് വെറ്ററൻ ബാറ്റർ ജോ റൂട്ട് സെഞ്ച്വറി നേട്ടത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമക്കൊപ്പം. വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ നാലാം ദിനം താരം കരിയറിലെ 32ാം ടെസ്റ്റ് സെഞ്ച്വറി കുറിച്ചു. 48ാം അന്താരാഷ്ട്ര സെഞ്ച്വറിയാണ് റൂട്ട് സ്വന്തമാക്കിയത്.
നിലവിൽ സജീവ ക്രിക്കറ്റ് കളിക്കുന്ന താരങ്ങളിൽ സെഞ്ച്വറി നേട്ടത്തിൽ രോഹത്തിനൊപ്പം രണ്ടാമതെത്താനായി. സൂപ്പർ ബാറ്റർ വിരാട് കോഹ്ലി മാത്രമാണ് ഇരുവർക്കും മുന്നിലുള്ളത് -80 സെഞ്ച്വറികൾ. രണ്ടാം ഇന്നിങ്സിൽ 178 പന്തിൽ 122 റൺസെടുത്താണ് റൂട്ട് പുറത്തായത്. ഹാരി ബ്രൂക്കും സെഞ്ച്വറി നേടിയ മത്സരത്തിൽ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 425 റൺസെടുത്തു. ഒന്നാം ഇന്നിങ്സിൽ 416 റൺസെടുത്തിരുന്നു. ഒന്നാം ഇന്നിങ്സിൽ 457 റൺസെടുത്ത വിൻഡീസ് രണ്ടാം ഇന്നിങ്സിൽ നിലവിൽ റിപ്പോർട്ട് കിട്ടുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 75 റൺസെടുത്തിട്ടുണ്ട്.
ഇന്നിങ്സിന്‍റെ 84ാം ഓവർ എറിഞ്ഞ അൽസാരി ജോസഫിന്‍റെ പന്ത് ബൗണ്ടറി കടത്തിയാണ് താരം മൂന്നക്കത്തിലെത്തിയത്. 32 ടെസ്റ്റ് സെഞ്ച്വറികളുമായി റൂട്ട് ആസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്, ന്യൂസിലൻഡിന്‍റെ കെയിൻ വില്യംസൺ എന്നിവർക്കൊപ്പമെത്തി. കൂടാതെ, ടെസ്റ്റ് ക്രിക്കറ്റിൽ വിൻഡീസ് മുൻ ബാറ്റർ ശിവനരെയ്ൻ ചന്ദ്രപോളിനെ മറികടന്ന് റൺവേട്ടക്കാരിൽ റൂട്ട് എട്ടാമതെത്തി. 11,867 റൺസാണ് താരം ടെസ്റ്റിൽ ഇതുവരെ നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.