സ്വന്തം ഡഗ്ഔട്ടിലെ ഫ്രിഡ്ജിനെ പോലും വെറുതെ വിടാതെ ബെയർസ്റ്റോ; കാണാം കൂറ്റൻ സിക്സ്
text_fieldsചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ കൈപ്പിടിയിലൊതുക്കാമായിരുന്ന വിജയം തുടർച്ചയായി രണ്ടാം തവണയും കൈവിട്ട നിരാശയിലാണ് സൺറൈസേഴ്സ് ആരാധകർ. വെടിക്കെട്ടുകൾ ഒത്തിരിയുണ്ടായില്ലെങ്കിലും കാണികളെ രസിപ്പിക്കുന്ന പ്രകടനങ്ങൾ ഹൈദരാബാദ് -മുംബൈ ഇന്ത്യൻസ് മത്സരത്തിൽ അരങ്ങേറി. ഹൈദരാബദ് ഓപണർ ജോണി ബെയർസ്റ്റോയുടെ ഒരു സിക്സാണ് അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഹിറ്റായത്.
പവർപ്ലേ ഓവറുകളിൽ മുംബൈ ബൗളർമാരെ നിലംതൊടാതെ പറപ്പിച്ച ബെയർസ്റ്റോ സ്വന്തം ഡഗ്ഔട്ടിലെ ഫ്രിഡ്ജിനെയും വെറുതെ വിട്ടില്ല. ഹൈദരാബാദ് ഇന്നിങ്സിന്റെ മൂന്നാം ഓവറിലെ ആദ്യ രണ്ട് പന്തുകൾ അതിർത്തി കടത്തിയ ആത്മവിശ്വാസത്തിലായിരുന്നു ബെയർസ്റ്റോ. പന്തെറിയുന്നതാകട്ടെ ലോകത്തിലെ ഏറ്റവും മികച്ച പേസർമാരിൽ ഒരാളായ ട്രെന്‍റ് ബോൾട്ടും.
ബോൾട്ടിന്‍റെ മൂന്നാമത്തെ പന്തിൽ മിഡ്ഓഫിലൂടെ ബെയർസ്റ്റോ പറത്തിയ സിക്സർ ചെന്ന് പതിച്ചത് ഹൈദരാബാദ് ഡഗ്ഔട്ടിലെ ഫ്രിഡ്ജിൽ. പന്ത് കൊണ്ട് ഡ്രിങ്ക്സ് സൂക്ഷിക്കുന്ന ഫ്രിഡ്ജിന്റെ ഗ്ലാസ് തകർന്നു.
മൂന്ന് ബൗണ്ടറികളും ഒരു സിക്സും സഹിതം 18 റൺസാണ് ഓവറിൽ ബെയർസ്റ്റോ വാരിക്കൂട്ടിയത്. 22പന്തിൽ 43 റൺസ് അടിച്ചുകൂട്ടിയ ബെയർസ്റ്റോ ഹിറ്റ് വിക്കറ്റായാണ് മടങ്ങിയത്.
151 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഹൈദരാബാദ് ബെയർസ്റ്റോയുടെയും ഡേവിഡ് വാർണറുടെയും (36) മികവിൽ വിക്കറ്റ് നഷ്ടമില്ലാതെ 57 റൺസിലെത്തിയിരുന്നു. എന്നാൽ ശേഷം വന്ന ബാറ്റ്സ്മാൻമാരിൽ വിജയ് ശങ്കറിനും (28) വിരാട് സിങ്ങിനും (11) മാത്രമാണ് രണ്ടക്കം കടക്കാനായത്. 19.4 ഓവറിൽ ഹൈദരാബാദ് 137 റൺസിന് പുറത്തായതോടെ മുംബൈ 13 റൺസ് ജയം സ്വന്തമാക്കി.
മുംബൈക്കായി രാഹുൽ ചഹറും ബോൾട്ടും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നാലോവർ എറിഞ്ഞ ജസ്പ്രീത് ബൂംറ 14 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.