ജോണിയെ സ്വന്തം വഴിക്ക് വിടുക; ഓർമകളിൽ മുറിവുണങ്ങാത്തവന്റെ ഗർജനമാണത്
text_fieldsപതിവിലും സന്തോഷത്തോടെയായിരുന്നു എട്ടുവയസ്സുകാരൻ ജോണി അന്ന് സ്കൂൾ വിട്ടുവന്നത്. കാരണമുണ്ട്, അച്ഛൻ രാത്രി ഡിന്നറിന് പുറത്തുപോകാമെന്ന് പറഞ്ഞിട്ടുണ്ട്. അമ്മക്കും പെങ്ങൾക്കുമൊപ്പം വീട്ടിലേക്ക് ഓടിക്കയറിയ ജോണിയെ കാത്തിരുന്നത് സ്റ്റെയർ കേസിൽ തൂങ്ങിയാടുന്ന അച്ഛന്റെ മൃതദേഹമാണ്. അമ്മക്ക് അർബുദമാണെന്ന് അറിഞ്ഞ് അധികമാകും മുമ്പേയാണ് അച്ഛൻ ഒന്നും പറയാതെ പോയത്.
അച്ഛന്റെ പെട്ടെന്നുള്ള മരണവും അമ്മയുടെ അസുഖവും മൂലം ലോകത്തെയാകെ വെറുത്തിരുന്ന ആ കുട്ടിയെ ഇന്ന് ലോകമറിയും. ഇന്ത്യക്കാർ സ്വൽപം നന്നായിത്തന്നെ അറിയും. ചരിത്രപരമ്പര സ്വപ്നം കണ്ടിറങ്ങിയ ഇന്ത്യയെ രണ്ടിന്നിങ്സിലുമായുള്ള തകർപ്പൻ സെഞ്ച്വറികളിലൂടെ തരിപ്പണമാക്കിയ ജോണി ബെയർസ്റ്റോ ആണത്.
ഇംഗ്ലണ്ടിനായി ഏതാനും മത്സരങ്ങളിൽ കളത്തിലിറങ്ങുകയും യോർക് ഷെയർ ക്ലബിനായി ജീവിതം സമർപ്പിക്കുകയും വിഷാദം മൂലം 46ാം വയസ്സിൽ ആത്മഹത്യ ചെയ്യുകയും ചെയ്ത ജോണിയുടെ അച്ഛൻ ഡേവിഡ് ബെയർസ്റ്റോയെയും ചിലരെങ്കിലും അറിഞ്ഞേക്കാം. കുട്ടിക്കാലത്ത് ഫുട്ബാളിലായിരുന്നു ജോണിക്ക് കമ്പം. സാക്ഷാൽ ലീഡ്സ് യുനൈറ്റഡിന്റെ കളരിയിൽ ഡാനി റോസും ഫാബിയൻ ഡെൽഫും അടക്കമുള്ള ഇംഗ്ലീഷ് ഫുട്ബാൾ താരങ്ങൾക്കൊപ്പം എട്ടുവർഷം പന്തുതട്ടിയിട്ടുണ്ട്.
ബൂട്ടിനേക്കാൾ തനിക്ക് ചേരുന്നത് ബാറ്റുതന്നെയാണെന്ന തിരിച്ചറിവിൽ ക്രിക്കറ്റിലേക്ക് ശ്രദ്ധതിരിച്ചുവിടുകയായിരുന്നു. എന്തായാലും അച്ഛനെപ്പോലെ അന്താരാഷ്ട്ര ക്രിക്കറ്റിൽ മിന്നലാടിപ്പോകാനല്ല വന്നതെന്ന് ഈ മോൻ തെളിയിച്ചുകഴിഞ്ഞു. ഏകദിനത്തിൽ 47.92 ശരാശരിയിൽ 3498 റൺസ് നേടിയിട്ടുണ്ടെങ്കിലും ടെസ്റ്റിൽ 37 മാത്രമാണ് ശരാശരി.
87 ടെസ്റ്റുകളിൽ കളത്തിലിറങ്ങിയത് പലപ്പോഴും പകരം വെക്കാനാളില്ലാത്തതുകൊണ്ടുമാത്രം. ഇന്ത്യക്കെതിരെയും കിവീസിനെതിരെയും നേടിയ തുടർ സെഞ്ച്വറികളോടെ ആ പേരുദോഷം മാത്രമല്ല, ഇംഗ്ലീഷ് ക്രിക്കറ്റ് സമ്മർ തന്നെ തന്റെ പേരിലെഴുതുകയാണ് ഈ 32 കാരൻ.
114*, 106, 71*, 162, 136 എന്നിങ്ങനെയാണ് അവസാന അഞ്ച് ഇന്നിങ്സിലെ സ്കോറുകൾ. നേടിയ റൺസുകളേക്കാൾ ബെയർസ്റ്റോയെ താരമാക്കുന്നത് നിർഭയവും ആക്രമണോത്സുകമായ ശൈലിയാണ്. ഋഷഭ് പന്ത് ഇന്ത്യക്കായി ആഞ്ഞടിച്ചപ്പോഴും ഇംഗ്ലീഷുകാർ കുലുങ്ങാത്തതിന് കാരണവും ജോണിയിലുള്ള വിശ്വാസം തന്നെ. വർഷം ജൂലൈ പിന്നിടുമ്പോഴേക്കും ആറുസെഞ്ച്വറികൾ കുറിച്ചുകഴിഞ്ഞു.
ഒന്നുകൂടിയായാൽ ഇംഗ്ലീഷുകാരന്റെ സർവകാല റെക്കോഡായി മാറും. ബ്രണ്ടൻ മക്കല്ലത്തിന്റെ രാജതന്ത്രങ്ങളിൽ ആക്രമണോത്സുക ശൈലിയുമായി ലോകക്രിക്കറ്റിന് നേരെ ഇംഗ്ലണ്ട് കൊമ്പുയർത്തുമ്പോൾ അമരത്ത് ഗദ ചുഴറ്റി ജോണിയുണ്ട്. ചുവന്ന പന്തിന് യോജിച്ചവനല്ലെന്ന് പറഞ്ഞവർ, ഐ.പി.എല്ലിൽ കരക്കിരുത്തിയവർ, െസ്ലഡ്ജ് ചെയ്ത കോഹ്‍ലി.. എല്ലാവർക്കുമുള്ള മറുപടി ആ ബാറ്റിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.