‘അഫ്ഗാൻ ടീമും റാഷിദ് ഖാനും കൂടുതൽ വിജയങ്ങൾ നേടട്ടെ’; അഭിനന്ദനവുമായി താലിബാൻ മന്ത്രി
text_fieldsസൂപ്പർ എട്ടിൽ ലോക ചാമ്പ്യൻ ഓസീസിനെയും ബംഗ്ലാദേശിനെയും തകർത്ത് ട്വന്‍റി20 ലോകകപ്പിൽ സെമി പ്രവേശം ഉറപ്പിച്ച അഫ്ഗാൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനവുമായി താലിബാൻ ഭരണകൂടം. അഫ്ഗാൻ നായകൻ റാഷിദ് ഖാനെ വിഡിയോ കോളിൽ വിളിച്ചാണ് താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി അഭിനന്ദിച്ചത്.
ചരിത്ര വിജയം നേടിയ അഫ്ഗാൻ ടീമിനെ അഭിനന്ദിച്ച വിദേശകാര്യ മന്ത്രി, ടീം കൂടുതൽ വിജയങ്ങൾ നേടട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് ആണ് വിഡിയോ പുറത്തുവിട്ടത്. ക്രിക്കറ്റ് ടീമിന്‍റെ വിജയത്തിൽ അഫ്ഗാനിലും ആഘോഷങ്ങൾ നടന്നു. നംഗർഹാർ പ്രവിശ്യയിലെ ജനങ്ങൾ തെരുവിലിറങ്ങിയാണ് ചരിത്ര വിജയം ആഘോഷിച്ചത്.
അഫ്ഗാനിസ്താൻ സെമിയിൽ എത്തുമെന്ന് വെൽക്കം പാർട്ടിക്കിടെ ഇതിഹാസ താരം ബ്രയാൻ ലാറ പ്രവചിച്ചിരുന്നു. പ്രവചനം യാഥാർഥ്യമായതോടെ ലാറയുടെ വാക്കുകൾ അഫ്ഗാൻ ടീമിന് പ്രചോദനമായെന്ന് റാഷിദ് ഖാനും വ്യക്തമാക്കിയിരുന്നു.
തകർപ്പൻ ബൗളിങ്ങിലൂടെ ബംഗ്ലാ കടുവകളെ പിടിച്ചുകെട്ടിയാണ് അഫ്ഗാൻ സൂപ്പർ എട്ടിലെ ജയവും സെമി പ്രവേശനവും ആഘോഷിച്ചത്. ആദ്യ ബാറ്റ് ചെയ്ത അഫ്ഗാൻ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 115 റൺസിന് പുറത്തായി.
മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശ് 17.5 ഓവറിൽ 105 റൺസെടുക്കുന്നതിനിടെ ഓൾ ഔട്ടായി. മഴ കാരണം ഡി.എൽ.എസ് നിയമപ്രകാരം ബംഗ്ലാദേശിന്‍റെ വിജയലക്ഷ്യം 19 ഓവറിൽ 113 റൺസാക്കിയിരുന്നു.
ആഭ്യന്തര പ്രശ്നങ്ങളാൽ കലുഷിതമായ അഫ്ഗാനിസ്ഥാൻ 2001ലാണ് ഐ.സി.സിയുടെ അഫിലിയേറ്റ് അംഗമാകുന്നത്. 2013ൽ അസോസിയേറ്റ് അംഗവും 2017ൽ മുഴുവൻ സമയ അംഗവുമായി. 2009ൽ സ്കോട്ട്ലൻഡിനെതിരെയാണ് ആദ്യ രാജ്യാന്തര മത്സരം കളിച്ചത്. ട്വന്‍റി20യിൽ 2010ൽ അയർലൻഡിനെതിരെയും ടെസ്റ്റിൽ 2018ൽ ഇന്ത്യക്കെതിരെയും ആദ്യ മത്സരങ്ങൾ കളിച്ചു. 2010 മുതലാണ് ടി20 ലോകകപ്പുകളിൽ അഫ്ഗാൻ ടീം സാന്നിധ്യമറിയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.