അവനുണ്ടെങ്കിൽ ടീമിൽ പന്തോ ഗിൽക്രിസ്റ്റോ ഉള്ളതുപോലെ, ടെസ്റ്റ്, ടി20 മത്സരം പോലെയാക്കുന്നു - ട്രാവിസ് ഹെഡിനെ പുകഴ്ത്തി ലാംഗർ
text_fieldsലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന്റെ ഒന്നാം ദിനം ഇന്ത്യക്കെതിരെ മികച്ച നിലയിലാണ് ആസ്ട്രേലിയ. ഇടംകൈയ്യൻ ബാറ്റർ ട്രാവിസ് ഹെഡിന്റെ അപരാജിത സെഞ്ച്വറിയും സ്റ്റീവൻ സ്മിത്തിന്റെ പ്രകടനവുമാണ് ഓസീസിന് തുണയായത്. നാലാമത്തെ ഓവറിൽ തന്നെ ഉസ്മാൻ ഖ്വാജയെ പുറത്താക്കി മികവോടെ തുടങ്ങിയ ഇന്ത്യക്ക് ഹെഡിന്റെ ബാറ്റിങ് തലവേദനയായി മാറുകയായിരുന്നു. 156 പന്തുകളിൽ 146 റൺസെടുത്ത 29-കാരനൻ 22 ഫോറും ഒരു സിക്സുമാണ് പറത്തിയത്.
ഇപ്പോഴിതാ ട്രാവിസ് ഹെഡിന്റെ അസാധാരണ ഇന്നിംഗ്‌സിനെ മുൻ ആസ്‌ട്രേലിയൻ ബാറ്ററും ഹെഡ് കോച്ചുമായ ജസ്റ്റിൻ ലാംഗർ വാനോളം പുകഴ്ത്തിയിരിക്കുകയാണ്. ഹെഡിന്റെ ഇന്നിംഗ്‌സിന് റിഷഭ് പന്തിന്റെയും ആദം ഗിൽക്രിസ്റ്റിന്റെയും ബാറ്റിങ്ങുമായി സാമ്യതകളുണ്ടായിരുന്നുവെന്ന് ലാംഗർ പറഞ്ഞു.
"അവൻ വളരെ സ്വാതന്ത്ര്യത്തോടെയാണ് കളിക്കുന്നത്, ഇന്ത്യക്കാരുടെ മേൽ ഏറെ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. നിങ്ങളുടെ ടീമിൽ ആദം ഗിൽക്രിസ്റ്റോ റിഷഭ് പന്തോ ഉള്ളത് പോലെയാണിത്, അദ്ദേഹം ഇത് ഒരു ടി20 ഗെയിം പോലെയാക്കുന്നു,” -ലാംഗർ ചാനൽ 7-ൽ പറഞ്ഞു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ സെഞ്ച്വറി നേടുന്ന ആദ്യ താരം കൂടിയായി മാറിയിരിക്കുകയാണ് ട്രാവിസ് ഹെഡ്. ഇന്ത്യക്കെതിരെ യുവതാരം നേടുന്ന ആദ്യ സെഞ്ച്വറി കൂടിയാണിത്.
ഒന്നാം ദിനം അവസാനിച്ചപ്പോൾ ആസ്ട്രേലിയ മൂന്നു വിക്കറ്റിന് 327 റൺസെന്ന ശക്തമായ നിലയിലാണ്. രണ്ടാം ദിനം ഇന്ന് ആരംഭിക്കാനിരിക്കെ 146 റൺസുമായി ഹെഡും 95 റൺസെടുത്ത് സ്മിത്തുമാണ് ക്രീസിലുള്ളത്. മൂന്നിന് 76ലേക്ക് ടീം തകരവെയാണ് നാലാം വിക്കറ്റിൽ ഇവർ ഒരുമിച്ച് 251 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.