ആഷസും ലോകകപ്പും സമ്മാനിച്ച് ലാംഗർ പരിശീലകപദവി വിട്ടു
text_fieldsമെൽബൺ: മുതിർന്ന താരങ്ങളുമായി അസ്വാരസ്യമെന്ന് വാർത്തകൾ വന്നുതുടങ്ങിയതിനു പിറകെ ഓസീസ് മുഖ്യ പരിശീലക പദവി വിട്ട് ജസ്റ്റിൻ ലാംഗർ. ഇംഗ്ലണ്ടിനെ നിലംപരിശാക്കി ആഷസിൽ ആസ്ട്രേലിയയെ സമാനതകളില്ലാത്ത വിജയത്തിലേക്കും അതിനു മുമ്പ് കഴിഞ്ഞ നവംബറിൽ ട്വന്റി20 ലോകകപ്പ് കിരീടത്തിലേക്കും നയിച്ച് ഹീറോ പരിവേഷത്തിൽ നിൽക്കെയാണ് ഞെട്ടിച്ച് രാജി. ശനിയാഴ്ച തന്നെ ടീം പരിശീലക പദവി വിടുന്നതായി ലാംഗറുടെ ഓഫിസ് അറിയിച്ചു.
ഓസീസ് ക്രിക്കറ്റിനെ നിഴലിൽ നിർത്തിയ ചുരണ്ടൽ വിവാദത്തെ തുടർന്ന് ഡാരൻ ലെഹ്മാന്റെ പിൻഗാമിയായി 2018ലാണ് ലാംഗർ ചുമതലയേൽക്കുന്നത്. അതിവേഗം ടീമിനെ മികവിന്റെ ഉയരങ്ങളിലേക്ക് കൈപിടിച്ച താരം ആസ്ട്രേലിയൻ ക്രിക്കറ്റ് ഹാൾ ഓഫ് ഫെയിമിൽ ഇടംപിടിച്ചത് കഴിഞ്ഞ ആഴ്ച. തൊട്ടു പിറകെയാണ് മുതിർന്ന താരങ്ങളുമായി പ്രശ്നങ്ങൾ പുറത്തുവരുന്നത്. വടിപിടിച്ചു നടക്കുന്ന ഹെഡ് മാസ്റ്ററാകുകയാണ് ലാംഗറെന്നായിരുന്നു സീനിയേഴ്സിന്റെ പരിഭവം.
അച്ചടക്കത്തിന്റെ വാൾ താരങ്ങളുടെ ആത്മവിശ്വാസം തകർക്കുന്നുവെന്ന് വന്നതോടെ നാലു വർഷത്തെ കരാർ അവസാനിക്കുന്ന മുറക്ക് ലാംഗറെ വേണ്ടെന്നുവെക്കാൻ മാനേജ്മെന്റും ആലോചിക്കുന്നതായി സൂചനകളുണ്ടായിരുന്നു. ഇതിനിടെയാണ് രാജി പ്രഖ്യാപനം. വലിയ പതർച്ചക്കു ശേഷം ടീമിനെ പഴയ പ്രതാപത്തിലേക്ക് തിരികെയെത്തിച്ച താരം ക്രിക്കറ്റ് ആസ്ട്രേലിയയിൽ സമ്പൂർണ തലമാറ്റവും നടപ്പാക്കിയിരുന്നു. ആഴ്ചകൾക്ക് മുമ്പ് 4-0നായിരുന്നു ആഷസിൽ കങ്കാരു വാഴ്ച. ടെസ്റ്റിൽ 55.5 ശതമാനമാണ് ലാംഗറുടെ വിജയങ്ങൾ. മുമ്പ് ജോൺ ബുക്കാനൻ മാത്രമാണ് ആസ്ട്രേലിയയെ അതിലേറെ വലിയ വിജയങ്ങളിലേക്ക് പരിശീലിപ്പിച്ചിരുന്നത്.
മാത്യു ഹെയ്ഡനെ കൂട്ടുപിടിച്ച് ആസ്ട്രേലിയൻ ബാറ്റിങ്ങിന്റെ കുന്തമുനയായി പേരുറപ്പിച്ച താരം കൂടിയാണ് ലാംഗർ. 105 ടെസ്റ്റുകളിൽ 23 സെഞ്ച്വറികളും 50 അർധ സെഞ്ച്വറികളുമായി അടിച്ചെടുത്തത് 7,696 റൺസ്. ഒഴിവുവന്ന പരിശീലക പദവിയിൽ ആൻഡ്രൂ മക്ഡൊണാൾഡ് താൽകാലിക ചുമതല വഹിക്കുമെന്നാണ് സൂചന. ട്രവർ ബെയ്ലിസ്, ജാസൺ ഗിലസ്പി എന്നിവർക്കും സാധ്യത കൽപിക്കുന്നവരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.