വീണ്ടും റബാദയുടെ ഇര! രോഹിത് രണ്ടാം ഇന്നിങ്സിൽ പൂജ്യത്തിന് ക്ലീൻ ബൗൾഡ്
text_fieldsസെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലും കഗിസോ റബാദയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി ഇന്ത്യൻ നായകൻ രോഹിത് ശർമ. റബാദ എറിഞ്ഞ മൂന്നാം ഓവറിലെ അഞ്ചാം പന്തിൽ ഹിറ്റ്മാൻ ക്ലീൻ ബൗൾഡാകുകയായിരുന്നു.
എട്ടു പന്തുനേരിട്ട രോഹിത് റണ്ണൊന്നും എടുക്കാതെയാണ് പുറത്തായത്. ഒന്നാം ഇന്നിങ്സിലും റബാദയുടെ പന്തിലാണ് താരം പുറത്തായത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ രോഹിത്തിനെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കുന്ന ബൗളറെന്ന നേട്ടം റബാദ സ്വന്തമാക്കിയിരുന്നു. റബാദയുടെ ബൗണ്‍സര്‍ ഹുക്ക് ചെയ്യാനുള്ള ശ്രമത്തില്‍ ഫൈന്‍ ലെഗ്ഗില്‍ നന്ദ്രേ ബര്‍ഗര്‍ക്ക് ക്യാച്ച് നല്‍കിയാണ് ഒന്നാം ഇന്നിങ്സിൽ രോഹിത് പുറത്തായത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 14 തവണയാണ് രോഹിത്തിനെ റബാദ പുറത്താക്കിയത്. ന്യൂസിലന്‍ഡിന്‍റെ ടിം സൗത്തിയാണ് രോഹിത്തിനെ കൂടുതല്‍ തവണ പുറത്താക്കിയ രണ്ടാമത്തെ താരം. 12 തവണ. എയ്‌ഞ്ചോലോ മാത്യൂസ് (10), നതാന്‍ ലിയോണ്‍ (9), ട്രെന്റ് ബോള്‍ട്ട് (8) എന്നിവരാണ് തൊട്ടുപിന്നിൽ. ലോകകപ്പിനുശേഷം ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയ രോഹിത് ഒന്നാം ടെസ്റ്റിലെ രണ്ടു ഇന്നിങ്സുകളിലും നിരാശപ്പെടുത്തി.
ഒന്നാം ഇന്നിങ്സിൽ 14 പന്തിൽ അഞ്ചു റൺസാണ് താരത്തിന്‍റെ സമ്പാദ്യം. ടെസ്റ്റില്‍ മാത്രം ഏഴ് തവണയാണ് റബാദ രോഹിത്തിനെ മടക്കിത്. 163 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ ഇന്ത്യ, രണ്ടാം ഇന്നിങ്സിലും തകർച്ചയോടെയാണ് തുടങ്ങിയത്. 13 റൺസെടുക്കുന്നതിനിടെ സന്ദർശകർക്ക് ഓപ്പണർമാരെ നഷ്ടമായി. രോഹിത്തിനു പുറമെ, 18 പന്തിൽ അഞ്ചു റൺസുമായി യശസ്വി ജയ്സ്വാളും മടങ്ങി. നാന്ദ്രെ ബർഗറിന്‍റെ പന്തിൽ വിക്കറ്റ് കീപ്പർ വെറെയ്നെക്ക് ക്യാച്ച് നൽകിയാണ് യശസ്വി പുറത്തായത്.
ശുഭ്മൻ ഗില്ലും വിരാട് കോഹ്ലിയുമാണ് ക്രീസിൽ. നിലവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 13.2 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 48 റൺസെടുത്തിട്ടുണ്ട്. ഇനിയും 111 റൺസ് പുറകിലാണ് ഇന്ത്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.