'ക്ലബ്ബ് താരങ്ങൾ പോലും ഇതിനേക്കാൾ ഭേദമാണ്, ഇവൻമാർ ടീമിനെ തന്നെ പരിഹാസമാക്കി'; പാകിസ്താനെതിരെ ആഞ്ഞടിച്ച് മുൻ വിക്കറ്റ് കീപ്പർ
text_fieldsപാകിസ്താൻ താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുൻ പാകിസ്താൻ വിക്കറ്റ് കീപ്പർ ബാറ്റർ കമ്രാൻ അക്മൽ. ബംഗ്ലാദേശിനെതിരെ സ്വന്തം നാട്ടിൽ വെച്ച് നടന്ന ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷമാണ് താരത്തിന്‍റെ പ്രതികരണം. പത്ത് വിക്കറ്റിനായിരുന്നു റാവൽപിണ്ടിയിൽ വെച്ച് നടന്ന മത്സരത്തിൽ ബംഗ്ലാദേശ് പാകിസ്താനെ തകർത്തത്. രണ്ടാം ഇന്നിങ്സിൽ 146 റൺസിനായിരുന്നു പാക് പട ഓൾ ഔട്ടായത് 30 റൺസിന്‍റെ വിജയലക്ഷ്യം വിക്കറ്റൊന്നും നഷ്ടമാകാതെ അനായാസം ബംഗ്ലാദേശ് സ്വന്തമാക്കി. ടീമിലെ താരങ്ങളുടെയെല്ലാം പ്രകടനം മോശമാണെന്ന് കമ്രാൻ പറഞ്ഞു. സിംബാബ്വെക്കെതിരെ തോറ്റതും പിന്നീട് യു.എസ്.എയോട് തോറ്റ് ടി-20 ലോകകപ്പിൽ നിന്നും പുറത്തായതുമെല്ലാം അദ്ദേഹം വിമർശിച്ചു.
'രണ്ടാം ഇന്നിങ്സിൽ റിസ്വാൻ 50 അടിച്ചില്ലായിരുന്നുവെങ്കിൽ പാകിസ്താൻ ഒരു ഇന്നിങ്സിന് തോറ്റേനേ. അവസാന അഞ്ച് വർഷത്തിൽ പാകിസ്താന് ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. സിംബാബ്വെക്കെതിരെ തോൽവി, ഏഷ്യാ കപ്പിലെ മോശം പ്രകടനം, ട്വന്റി-20 ലോകകപ്പിലെ തോൽവി, മൊത്തത്തിൽ ഇവരെല്ലാം കൂടി പാകിസ്താൻ ക്രിക്കറ്റിനെ ഒരു പരിഹാസമാക്കി മാറ്റിയിട്ടുണ്ട്,' കമ്രാൻ പറഞ്ഞു.
പാകിസ്താൻ ബാറ്റർമാർക്കെതിരെയും അക്മൽ ആഞ്ഞടിക്കുന്നുണ്ട്. ക്ലബ്ബ് ക്രക്കറ്റർമാർ പോലും ഇതിലും മികച്ച രീതിയിൽ ബാറ്റ് വീശുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 'ബംഗ്ലാദേശ് ഒരു മോശം സമയത്തിലൂടെയാണ് കടന്നുപോകുന്നത്, എന്നിരുന്നാലും അവരുടെ ബാറ്റർമാർ അവർക്ക് വേണ്ടി റൺസ് നേടുകയും മത്സരം വിജയിക്കുകയും ചെയ്തു. ഞങ്ങളുടെ താരങ്ങൾ ക്ലബ്ബ് ക്രിക്കറ്റർമാരെ പോലെയാണ് കളിച്ചത്. ക്ലബ്ബ് ക്രിക്കറ്റർമാർ പോലും പാകിസ്താൻ താരങ്ങളെക്കാൾ ഭേദമാണ്. ഡ്രസിങ് റൂമിൽ താരങ്ങളൊന്നും സീരിയസല്ല എല്ലാവരും ഒരു തമാശയായിട്ടാണ് കളിക്കുന്നത്,' കമ്രാൻ കൂട്ടിച്ചേർത്തു.
മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 448 റൺസ് നേടി പാകിസ്താൻ ഡിക്ലെയർ ചെയ്യുകയായിരുന്നു. എന്നാൽ അതേ നാണയത്തിൽ തിരിച്ചടിച്ച ബംഗ്ലാദേശ് 565 റൺസ് നേടി. രണ്ടാം ഇന്നിങ്സിൽ പാകിസ്താന് 146 റൺസ് നേടാനെ സാധിച്ചുള്ളൂ. ബംഗ്ലാദേശ് അനായാസം മത്സരം വിജയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.