അരങ്ങേറ്റം ഗംഭീരമാക്കി കമ്രാൻ ഗുലാം; ബാബറിന്‍റെ പകരക്കാരനായെത്തി അവിസ്മരണീയ നേട്ടം...
text_fieldsമുൾട്ടാൻ: മുൻ നായകൻ ബാബർ അസമിനു പകരക്കാരനായി ടീമിലെത്തിയ കമ്രാൻ ഗുലാം തന്‍റെ അരങ്ങേറ്റ ടെസ്റ്റ് മത്സരം അവിസ്മരണീയമാക്കി. അരങ്ങേറ്റ ടെസ്റ്റിൽ നാലാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങി സെഞ്ച്വറി നേടുന്ന രണ്ടാമത്തെ പാകിസ്താൻ താരമെന്ന റെക്കോഡ് ഗുലാം സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ 224 പന്തിൽ 118 റൺസെടുത്താണ് താരം പുറത്തായത്.
മോശം ഫോമിനെ തുടർന്നാണ് സൂപ്പർതാരം ബാബറിനെ ഇംഗ്ലണ്ടിനെതിരായ രണ്ടും മൂന്നും ടെസ്റ്റുകളിൽനിന്ന് ഒഴിവാക്കിയത്. ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ പാകിസ്താൻ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 259 റൺസെടുത്തിട്ടുണ്ട്. 19 റൺസെടുക്കുന്നതിനിടെ രണ്ടു വിക്കറ്റുകൾ നഷ്ടമായ പാകിസ്താനെ സെയിം അയൂബും ഗുലാമും ചേർന്നാണ് കരകയറ്റിയത്. ഇരുവരും മൂന്നാം വിക്കറ്റിൽ 149 റൺസ് കൂട്ടിച്ചേർത്തു. 160 പന്തിൽ 77 റൺസെടുത്താണ് അയൂബ് പുറത്തായത്. അബ്ദുല്ല ഷെഫീഖ് (28 പന്തിൽ ഏഴ്), നായകൻ ഷാൻ മസൂദ് (ഏഴ് പന്തിൽ മൂന്ന്), സൗദ് ഷക്കീൽ (14 പന്തിൽ നാല്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
ഇംഗ്ലണ്ടിനായി ജാക് ലീഷ് രണ്ടു വിക്കറ്റ് നേടി. പാകിസ്താനായി അരങ്ങേറ്റ ടെസ്റ്റിൽ നാലാം നമ്പറിൽ സെഞ്ച്വറി നേടിയ ആദ്യ താരം സലീം മാലിക്കാണ് (1982). ടെസ്റ്റ് ചരിത്രത്തിൽ അരങ്ങേറ്റ ടെസ്റ്റിൽ നാലാം നമ്പറിൽ ഇറങ്ങി സെഞ്ച്വറി നേടുന്ന ആറാമത്തെ മാത്രം താരമാണ് ഗുലാം. പാകിസ്താനായി അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന 13ാമത്തെ താരവും. 2013ലാണ് ഗുലാം പാകിസ്താൻ ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. ന്യൂസിലൻഡിനെതിരെ 2023 ജനുവരിയിൽ പാകിസ്താനായി ആദ്യമായി ഏകദിനം കളിച്ചു.
ബാബറിനെ ഒഴിവാക്കിയതിനെതിരെ സഹതാരം ഫഖർ സമാൻ ഉൾപ്പെടെയുള്ളവർ പരസ്യമായി രംഗത്തുവന്നിരുന്നു. മുൻ ഇംഗ്ലീഷ് നായകൻ മൈക്കൽ വോണും തീരുമാനത്തിൽ ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ രണ്ട് ഇന്നിങ്സുകളിലും 30, അഞ്ച് എന്നിങ്ങനെയാണ് ബാബറിന്‍റെ സ്കോർ. ബൗളർമാർക്ക് യാതൊരു സാധ്യതയും നൽകാത്ത മുൾട്ടാനിലെ പിച്ചിലും ബാബർ ബാറ്റിങ്ങിൽ പരാജയപ്പെട്ടതോടെയാണ് താരത്തെ മാറ്റി നിർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.