കംഗാരുപ്പടയൊരുക്കം
text_fieldsഎക്കാലത്തും ലോകകപ്പ് കിരീട ഫേവറിറ്റുകളാണ് ആസ്ട്രേലിയ. കപ്പടിക്കില്ലെന്ന മുൻവിധികളെ മറികടന്ന് അവിശ്വസനീയ തിരിച്ചുവരവിലൂടെ കിരീടം ചൂടിയ അനുഭവമുള്ള കംഗാരുക്കൾ ക്രിക്കറ്റിന് എന്നും അലങ്കാരമാണ്. പഴയ പ്രതാപം അൽപം കുറഞ്ഞെങ്കിലും കംഗാരുക്കളെ സഞ്ചിയിലാക്കാൻ എതിർടീമുകൾക്ക് ഇന്നും പെടാപ്പാടാണ്. കരുത്തുറ്റ സ്ക്വാഡുമായാണ് ഇക്കുറി ടീം ലോക ക്രിക്കറ്റ് ആവേശത്തിനെത്തുന്നത്. മിച്ചൽ മാർഷ് നയിക്കുന്ന ടീം സന്തുലിതമാണ്.
മാർക്കസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, കാമറൂൺ ഗ്രീൻ എന്നിവർക്കൊപ്പം ഗ്ലെൻ മാക്സ്വെല്ലും ഓൾറൗണ്ടർ ഒപ്ഷനുകളായി അന്തിമ ടീമിൽ ഇടംനേടിയിട്ടുണ്ട്. 2022ൽ ആസ്ട്രേലിയൻ മണ്ണിൽ നടന്ന അവസാന ട്വന്റി20 ലോകകപ്പിന് ശേഷം ടീമിൽ കളിക്കാത്ത ഇടംകൈയൻ സ്പിന്നർ ആഷ്ടൺ അഗർ തിരിച്ചെത്തിയിട്ടുണ്ട്. സ്റ്റീവ് സ്മിത്തിനും ജേസൺ ബെഹ്റൻഡോർഫ്, തൻവീർ സംഗ തുടങ്ങിയവർക്ക് ഇത്തവണ ടീമിൽ സ്ഥാനമില്ല.
ലോക റാങ്കിങ്ങിൽ ഇന്ത്യക്ക് പിറകെ രണ്ടാമതാണ് ആസ്ട്രേലിയ. ലോകകപ്പിന് തൊട്ടു മുമ്പേ സമാപിച്ച ഐ.പി.എല്ലിൽ ഭൂരിഭാഗം ആസ്ട്രേലിയൻ താരങ്ങൾ നിർണായക പ്രകടനം കാഴ്ചവെച്ചിരുന്നു. സൺറൈസ് ഹൈദരബാദിന്റെ സ്റ്റാർ ഓപണറായ ട്രാവിസ് ഹെഡ് 15 മത്സരങ്ങളിൽനിന്ന് 567 റൺസ് വാരിക്കൂട്ടി ഐ.പി.എല്ലിലെ വിദേശ റൺവേട്ടക്കാരിൽ ഒന്നാമതെത്തിയിരുന്നു. 190ന് മുകളിൽ സ്ട്രൈക്ക് റേറ്റുമായി ഫോമിലുള്ള ഹെഡിന്റെ സാന്നിധ്യം ടീമിന് വലിയ മുതൽകൂട്ടാവും. ഐ.പി.എല്ലിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും എത് സമയത്തും പൊട്ടിത്തെറിക്കാൻ കെൽപുള്ള താരമാണ് മാക്സ്വെൽ. ഏകദിന ലോകകപ്പിൽ ആറ് തവണയും ട്വന്റി20 ലോകകപ്പിൽ ഒരുതവണയും ചാമ്പ്യന്മാരായ ചരിത്രം പേറിയാണ് കംഗാരുക്കൾ അമേരിക്കൻ മണ്ണിൽ കാലുകുത്തിയത്.
സ്ക്വാഡ്
- മിച്ചൽ മാർഷ് (ക്യാപ്റ്റൻ)
- ആഷ്ടൺ അഗർ
- പാറ്റ് കമ്മിൻസ്
- ടിം ഡേവിഡ്
- നഥാൻ എല്ലിസ്
- കാമറൂൺ ഗ്രീൻ
- ജോഷ് ഹേസിൽവുഡ്
- ട്രാവിസ് ഹെഡ്
- ജോഷ് ഇംഗ്ലിസ്
- ഗ്ലെൻ മാക്സ്വെൽ
- മിച്ചൽ സ്റ്റാർക്ക്
- മാർക്കസ് സ്റ്റോയിനിസ്
- മാത്യു വെയ്ഡ്
- ഡേവിഡ് വാർണർ
- ആദം സാമ്പ
- ആൻഡ്രൂ മക്ഡൊണാൾഡ് (കോച്ച് )
ഗ്രൂപ്പ് ബി- ആസ്ട്രേലിയയുടെ മത്സരങ്ങൾ
- ജൂൺ 6 Vs ഒമാൻ
- ജൂൺ 8 Vs ഇംഗ്ലണ്ട്
- ജൂൺ 12 Vs നമീബിയ
- ജൂൺ 16 Vs സ്കോട്ട്ലാ
ചാമ്പ്യൻ പ്രൗഢി
കപ്പ് കൈവിടാതിരിക്കാൻ ഇംഗ്ലീഷ് പട പതിനെട്ടടവും പുറത്തെടുക്കും. തുടർച്ചയായി രണ്ടാം കിരീടമെന്ന അപൂർവ നേട്ടം സ്വന്തമാക്കാൻ ഇക്കുറി ഏറ്റവും മികച്ച ഫോമിലുള്ള താരങ്ങളുമായാണ് ഇംഗ്ലീഷ് പടപ്പുറപ്പാട്. ക്യാപ്റ്റൻ ജോസ് ബട്ട്ലർ നയിക്കുന്ന ടീമിൽ പരിചയസമ്പന്നരായ കളിക്കാരും യുവപ്രതിഭകളും ഇടംപിടിച്ചിട്ടുണ്ട്. കൈമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് ഒരു വർഷത്തിലേറെയായി അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിട്ടുനിന്ന ഫാസ്റ്റ് ബൗളർ ജോഫ്ര ആർച്ചറുടെ തിരിച്ചുവരവ് കൂടിയാകും ഈ ലോകകപ്പ്.
എട്ടു മാസത്തോളമായി ടീമിൽ ഇല്ലാതിരുന്ന പരിചയസമ്പന്നനായ ഓൾറൗണ്ടർ ക്രിസ് ജോർഡാനും സ്ക്വാഡിൽ ഇടം പിടിച്ചിട്ടുണ്ട്. ജോർഡാന്റെ പരിചയമികവ് ടീമിന് വിലപ്പെട്ടതാകും. 2022ലെ ട്വന്റി20 ലോകകപ്പിലെ മികച്ച പ്രകടനക്കാരിൽ ഒരാളായ സാം കറൻ തന്റെ ഫോം തുടരുകയാണ്. ഐ.സി.സിയുടെ രണ്ടാം റാങ്കിലുള്ള ഫിൽ സാൾട്ടും ഏഴാം റാങ്കിലുള്ള ക്യാപ്റ്റൻ ബട്ട്ലറുമാണ് ഇംഗ്ലീഷ് ബാറ്റിങ്ങിന്റെ ടോപ് ഗിയർ. ഇവർക്കൊപ്പം വിൽ ജാക്സ്, ജോണി ബെയർസ്റ്റോ, ലിയാം ലിവിങ്സ്റ്റൺ തുടങ്ങിയവരും ബാറ്റേന്തി പിന്തുണ ശക്തമാക്കും. ആൾറൗണ്ടർ മൊയിൻ അലിക്കൊപ്പം ബെൻ ഡക്കറ്റും ടീമിന്റെ അവിഭാജ്യ ഘടകമായിരിക്കും. ടോം ഹാർട്ട്ലി, ജോഫ്ര ആർച്ചർ, ക്രിസ് ജോർഡാൻ, റീസ് ടോപ്ലി, മാർക് വുഡ്, ആദിൽ റഷീദ് എന്നിവർ ബൗളിങ് ആക്രമണത്തെ നയിക്കും. ഐ.പി.എല്ലിലെ താരങ്ങളുടെ മികച്ച പ്രകടനവും ഇംഗ്ലീഷ് താരങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിലെ മിക്ക ടീമുകളുടെയും പ്രധാന വജ്രായുധങ്ങളായിരുന്നു ഇംഗ്ലീഷ് താരങ്ങൾ. 11 കളികളിൽനിന്ന് 359 റൺസെടുത്ത രാജസ്ഥാൻ ഓപണർ ജോസ് ബട്ട്ലർ, 12 കളികളിൽ നിന്ന് 182 സ്ട്രൈക്ക്റേറ്റിൽ 435 റൺസ് വാരിക്കൂട്ടിയ ഫിൽ സാൾട്ട്, 270 റൺസും 16 വിക്കറ്റും എടുത്ത് ആൾറൗണ്ട് മികവ് കാഴ്ചവെച്ച പഞ്ചാബിന്റെ സാം കുറാൻ എന്നിവരെല്ലാം ഐ.പി.എല്ലിൽ മിന്നും പ്രകടനമാണ് ഇക്കുറി നടത്തിയത്.
ഇംഗ്ലണ്ട് ഐ.സി.സി റാങ്കിങ് 03
സ്ക്വാഡ്
- ജോസ് ബട്ട്ലർ (ക്യാപ്റ്റൻ)
- മൊയിൻ അലി
- ജോഫ്ര ആർച്ചർ
- ജോനാഥൻ ബെയർസ്റ്റോ
- ഹാരി ബ്രൂക്
- സാം കറൻ
- ബെൻ ഡക്കറ്റ്
- ടോം ഹാർട്ട്ലി
- വിൽ ജാക്സ്
- ക്രിസ് ജോർഡാൻ
- ലിയാം ലിവിങ്സ്റ്റൺ
- ആദിൽ റഷീദ്
- ഫിൽ സാൾട്ട്
- റീസ് ടോപ്ലി
- മാർക് വുഡ്
- മാത്യു മൊട്ട് (കോച്ച്)
ഗ്രൂപ് ബി-ഇംഗ്ലണ്ടിന്റെ മത്സരങ്ങൾ
- ജൂൺ 4 Vs സ്കോട്ട്ലൻഡ്
- ജൂൺ 8 Vs ആസ്ട്രേലിയ
- ജൂൺ 14 Vs ഒമാൻ
- ജൂൺ 15 Vs നമീബിയ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.