താരങ്ങൾക്ക് സമ്മർദം ഉണ്ടാവുന്നത് അഭിനിവേശമില്ലാത്തതിനാൽ, 'പ്രഷർ', 'ഡിപ്രഷൻ' എന്നിവ അമേരിക്കൻ പദങ്ങൾ -കപിൽ ദേവ്
text_fieldsന്യൂഡൽഹി: ക്രിക്കറ്റിനോട് അഭിനിവേശമില്ലാത്തതിനാലാണ് താരങ്ങൾക്ക് സമ്മർദ്ദം അനുഭവപ്പെടുന്നതെന്ന് മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്. താരങ്ങൾക്ക് സമ്മർദം ഉണ്ടാവുന്നുണ്ടെങ്കിൽ അവർ മത്സരത്തിൽ നിന്ന് വിട്ടു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. 'ചാറ്റ് വിത്ത് ചാംമ്പ്യൻസ്' എന്ന പരിപാടിക്കിടയിലായിരുന്നു കപിൽ ദേവിന്‍റെ വിവാദ പരാമർശം. 'പ്രഷർ', 'ഡിപ്രഷൻ' എന്നിവ അമേരിക്കൻ വാക്കുകളാണെന്ന് പരിഹസിച്ച കപിൽ ദേവ്, അവയെന്താണെന്ന് മനസിലായിട്ടില്ലെന്നും പറഞ്ഞു.
'ഐ.പി.എൽ കളിക്കുന്നതിന് താരങ്ങളുടെ മേൽ വളരെയധികം സമ്മർദ്ദം ഉണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ എനിക്ക് താരങ്ങളോട് ഒന്നേ പറയാനുള്ളൂ, കളിക്കാതിരിക്കുക. കളിക്കാർക്ക് അഭിനിവേശമുണ്ടെങ്കിൽ സമ്മർദ്ദവുമുണ്ടാവില്ല. 'ഡിപ്രഷൻ' പോലുള്ള അമേരിക്കൻ പദങ്ങളൊന്നും എനിക്ക് മനസിലാവുന്നില്ല. ആസ്വദിച്ചാണ് ക്രിക്കറ്റ് കളിക്കുന്നതെങ്കിൽ സമ്മർദ്ദമുണ്ടാവില്ല.' -കപിൽ ദേവ് പറഞ്ഞു. 10ാം ക്ലാസിലേയും 12ാം ക്ലാസിലെയും വിദ്യാർഥികൾക്ക് പോലും സമ്മർദ്ദം അനുഭവപ്പെടുന്നതായി പരാതിപ്പെടുന്നുവെന്നും അതിന്‍റെ പിന്നിലെ യുക്തി എന്താണെന്ന് മനസിലായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർച്ചയായ മത്സരങ്ങളും തോൽവികളും സമ്മർദ്ദമുണ്ടാക്കുന്നുണ്ടെന്ന് വിരാട് കോഹ്ലി അടക്കമുള്ള ക്രിക്കറ്റ് താരങ്ങൾ നേരത്തെ പറഞ്ഞിരുന്നു.
അതേസമയം ക്രിക്കറ്റ് താരങ്ങളുടെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള കപിൽ ദേവിന്‍റെ പരാമർശം വിവാദമായി. അഭിപ്രായം അപക്വമാണെന്ന് വിമർശിച്ച് നിരവധിപേർ രംഗത്തെത്തി. 1983 ലെ ലോകകപ്പിൽ ഇന്ത്യൻ ടീമിനെ നയിച്ചത് കപിൽ ദേവായിരുന്നു. ലോകം കണ്ട മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളാണ് അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.