ട്വന്‍റി20 ലോകകപ്പ്; ഇന്ത്യയുടെ സെമി സാധ്യത 30 ശതമാനം മാത്രം; പറയുന്നത് മുൻ നായകൻ
text_fieldsആസ്ട്രേലിയ വേദിയാകുന്ന ട്വന്‍റി20 ലോകകപ്പിന്‍റെ ആവേശ പോരാട്ടത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണര്‍ന്നു കഴിഞ്ഞു. അട്ടിമറികളോടെയാണ് ഗ്രൂപ് മത്സരങ്ങൾ തുടങ്ങിയത്.
ഇന്ത്യയുടെ ആദ്യ മത്സരം 23ന് പാകിസ്താനെതിരെയാണ്. കിരീട സാധ്യത കൽപിക്കപ്പെടുന്ന ടീമുകളിൽ ഇന്ത്യയും മുന്നിലുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യൻ ടീമിന് ഇത് അഭിമാന പോരാട്ടം കൂടിയാണ്. മുൻ താരങ്ങളെല്ലാം ഇന്ത്യ സെമി കളിക്കുമെന്ന തരത്തിലാണ് പ്രവചനം നടത്തിയത്. എന്നാൽ, ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിക്കുന്ന പ്രവചനമാണ് മുൻ നായകൻ കപിൽ ദേവ് നടത്തിയത്.
ടൂർണമെന്‍റിൽ ഇന്ത്യയുടെ സെമി-ഫൈനൽ സാധ്യത 30 ശതമാനം മാത്രമാണെന്നാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളായ കപിൽ പറയുന്നത്. 'ട്വന്‍റി20 ക്രിക്കറ്റിൽ, ഒരു മത്സരം ജയിക്കുന്ന ടീം അടുത്ത മത്സരത്തിൽ തോറ്റേക്കാം... ഇന്ത്യ ലോകകപ്പ് നേടാനുള്ള സാധ്യതയെക്കുറിച്ച് സംസാരിക്കുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. അവർക്ക് അവസാന നാലിൽ ഇടം നേടാനാകുമോ എന്നതാണ് പ്രശ്നം. അവർ ആദ്യ നാലിൽ ഇടം നേടുമോ എന്നതിൽ എനിക്ക് ഉറപ്പില്ല, അതിനുശേഷം മാത്രമേ എന്തെങ്കിലും പറയാൻ കഴിയൂ. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യ ആദ്യ നാലിൽ ഇടം നേടാനുള്ള സാധ്യത 30 ശതമാനം മാത്രമാണ്' -ലഖ്നോവിൽ ഒരു പ്രമോഷനൽ പരിപാടിയിൽ കപിൽ പറഞ്ഞു.
ഇന്ത്യക്ക് വിരാട് കോഹ്‌ലി, രോഹിത് ശർമ, കെ.എൽ. രാഹുൽ എന്നിവരടങ്ങുന്ന മികച്ച ബാറ്റിങ് നിരയുണ്ട്. ഇവർക്ക് തുണയായി സൂര്യകുമാറിനെ പോലെയുള്ള ഒരു ബാറ്റർ കൂടിയുള്ളത് ടീമിന് കൂടുതൽ കരുത്താകുമെന്നും കപിൽ കൂട്ടിച്ചേർത്തു. ബുധനാഴ്ചത്തെ ഇന്ത്യ-ന്യൂസിലാൻഡ് സന്നാഹ മത്സരം മഴയെ തുടർന്ന് ഒഴിവാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.