'ആരാണ് യോഗ്‌രാജ്‍?'; വെടിവെച്ച് കൊല്ലാൻ വീട്ടിൽ പോയെന്ന യുവരാജിന്‍റെ പിതാവിന്‍റെ വാക്കുകളോട് പ്രതികരിച്ച് കപിൽ
text_fieldsന്യൂഡൽഹി: വിവാദങ്ങളിലൂടെ ഇടക്കിടെ വാർത്തകളിൽ നിറയുന്നയാളാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്‍റെ പിതാവ് യോഗ്‌രാജ്‍ സിങ്. ഈയടുത്ത ദിവസങ്ങളിൽ യോഗ്‌രാജ്‍ സിങ് വാർത്തകളിൽ നിറഞ്ഞത് മുൻ ക്യാപ്റ്റൻ കപിൽ ദേവിനെ വെടിവെച്ച് കൊല്ലാൻ വീട്ടിൽ പോയെന്ന അവകാശവാദവുമായിട്ടാണ്. ടീമിൽ നിന്ന് കാരണമില്ലാതെ തന്നെ പുറത്താക്കിയതിന് പിന്നാലെയാണ് തോക്കുമായി കപിലിന്‍റെ വീട്ടിൽ പോയതെന്നാണ് യോഗ്‌രാജ്‍ സിങ്ങിന്‍റെ അവകാശവാദം. എന്നാൽ, ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയപ്പോൾ 'ആരാണ് യോഗ്‌രാജ്‍ സിങ്' എന്നായിരുന്നു കപിലിന്‍റെ മറുപടി.
വെടിവെച്ച് കൊല്ലാൻ തോക്കുമായി പോയെന്ന പ്രസ്താവന മാധ്യമപ്രവർത്തകർ ശ്രദ്ധയിൽപെടുത്തിയപ്പോൾ 'ആരാണ്? ഏത് യോഗ്‌രാജ്‍ സിങ്ങിനെ കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നത്?' എന്നായിരുന്നു കപിലിന്‍റെ ചോദ്യം. യുവരാജ് സിങ്ങിന്‍റെ പിതാവ് യോഗ്‌രാജ്‍ സിങ്ങാണ് ഇക്കാര്യം പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ '‘ഓ, ശരി, വേറെ എന്തെങ്കിലും ചോദിക്കാനുണ്ടോ’ എന്നായിരുന്നു താൽപര്യമില്ലാത്ത മട്ടിൽ കപിലിന്‍റെ മറുപടി.
കപിൽ ദേവ് ഇന്ത്യയുടെയും നോർത്ത് സോണിന്റെയും ഹരിയാനയുടെയും ക്യാപ്റ്റനായിരിക്കെ കാരണമില്ലാതെ തന്നെ പുറത്താക്കിയെന്നാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ യോഗ്‌രാജ്‍ സിങ് ആരോപിച്ചത്. എന്താണ് കാരണമെന്ന് കപിലിനോടു നേരിട്ടു ചോദിക്കണമെന്ന് ഭാര്യയ്ക്ക് നിർബന്ധം. പിസ്റ്റളുമെടുത്ത് ഭാര്യയെയും കൂട്ടി കപിലിന്റെ വീട്ടിൽ പോയി. കപിൽ വീടിനു പുറത്തേക്കുവന്നത് അമ്മയോടൊപ്പമാണ്. ഇതോടെ ഞാൻ കുറേ ചീത്ത പറഞ്ഞു. ‘ഈ പിസ്റ്റളിലെ തിരകൾ താങ്കളുടെ തല തുളയ്ക്കുന്നത് കാണണമെന്നുണ്ട്. ഈ അമ്മയെ ഓർത്ത് ഞാൻ ചെയ്യുന്നില്ല' എന്ന് പറഞ്ഞു. അന്നാണ് ഇനി ക്രിക്കറ്റ് കളിക്കില്ലെന്ന് തീരുമാനിച്ചത്. ഇനി യുവി കളിക്കട്ടെ എന്നും തീരുമാനിച്ചു -യോഗ്‌രാജ്‍ പറഞ്ഞു.
നടനും ക്രിക്കറ്റ് താരവുമായിരുന്ന യോഗ്‌രാജ്‍ സിങ് ഇന്ത്യയ്ക്കായി ഒരു ടെസ്റ്റും ആറ് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. നേരത്തെയും മഹേന്ദ്ര സിങ് ധോണിയടക്കം പ്രമുഖർക്കെതിരെ യോഗരാജ് സിങ് രംഗത്തുവന്നിട്ടുണ്ട്. യുവരാജിന്‍റെ കരിയർ നശിപ്പിച്ചതിന് ധോണിയോട് ഒരിക്കലും പൊറുക്കില്ലെന്നായിരുന്നു ഇദ്ദേഹം ധോണിക്കെതിരെ പറഞ്ഞിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.