വലിയ വില നൽകേണ്ടിവരും...; ഏകദിന ലോകകപ്പിന് തയാറെടുക്കുന്ന ഇന്ത്യൻ ടീമിന് കപിൽ ദേവിന്‍റെ മുന്നറിയിപ്പ്
text_fieldsഒക്ടോബറിൽ രാജ്യം വേദിയാകുന്ന ഏകദിന ലോകകപ്പിന് ഏറെ പ്രതീക്ഷയോടെയാണ് ടീം ഇന്ത്യ തയാറെടുക്കുന്നത്. 2011ൽ എം.എസ്. ധോണിയുടെ ക്യാപ്റ്റൻസിയിലാണ് ഇന്ത്യ അവസാനമായി കിരീടം നേടിയത്.
എന്നാൽ, ഇതിഹാസതാരം കപിൽ ദേവ് ഏകദിന ലോകകപ്പിന് തയാറെടുക്കുന്ന ഇന്ത്യൻ ടീമിന് ഇവിടെ മുന്നറിയിപ്പ് നൽകുകയാണ്. ലോകകപ്പിനുള്ള സ്ക്വാഡിനെ പ്രഖ്യാപിക്കുന്നതിനു മുമ്പായി ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിലെ എല്ലാ താരങ്ങളുടെയും കായികക്ഷമത കൃത്യമായി പരീക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് കപിൽ പറയുന്നു.
പരിക്കിൽ നിന്ന് മുക്തരായി ഇടവേളക്കുശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തുന്ന താരങ്ങളുടെ കായികക്ഷമത വലിയ ആശങ്കയാണ്. ഇത്തരം താരങ്ങൾ പരിക്കിൽനിന്ന് പൂർണ മുക്തി നേടിയിട്ടില്ലെങ്കിൽ അത് ടീമിനെ മൊത്തമായി ബാധിക്കും. ഇത് ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കുന്ന ലോകകപ്പിൽ ടീം ഇന്ത്യക്ക് വലിയ തലവേദനയാകുമെന്നും മുൻ ഇന്ത്യൻ നായകൻ കൂടിയായ കപിൽ പറയുന്നു.
പേസർ ജസ്പ്രീത് ബുംറ, കെ.എൽ. രാഹുൽ, ശ്രേയസ്സ് അയ്യർ, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് പരിക്കിൽനിന്ന് മോചിതരായി ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയ താരങ്ങൾ. ഇതിൽ ബുംറയും പ്രസിദ്ധ് കൃഷ്ണയും അയർലൻഡിനെതിരെയുള്ള ട്വന്‍റി20 പരമ്പരയിൽ കളിച്ചിട്ടുണ്ട്. എന്നാൽ, മാർച്ച് മുതൽ കളത്തിൽനിന്ന് വിട്ടുനിൽക്കുന്ന ശ്രേയസ്സും രാഹുലും ആറു രാജ്യങ്ങൾ പങ്കെടുക്കുന്ന ഏഷ്യ കപ്പിലൂടെയാണ് മടങ്ങിയെത്തുന്നത്.
ഏഷ്യ കപ്പിലെ ആദ്യത്തെ ഏതാനും മത്സരങ്ങൾ രാഹുൽ കളിക്കില്ലെന്ന് മുഖ്യ സെലക്ടറായ അജിത് അഗാർക്കർ തന്നെ ടീം പ്രഖ്യാപിക്കുമ്പോൾ വ്യക്തമാക്കിയിരുന്നു. താരം ഇപ്പോഴും പരിക്കിൽനിന്ന് പൂർണമായി മോചിതനായിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. ‘എല്ലാ കളിക്കാരും പരീക്ഷിക്കപ്പെടണം. ലോകകപ്പിലേക്ക് ഇനി അധിക ദിവസങ്ങളില്ല, എന്നിട്ടും നിങ്ങൾ കളിക്കാർക്ക് ഇതുവരെ അവസരം നൽകിയില്ലേ? അവർ ലോകകപ്പിൽ കളിക്കുകയും പരിക്കേൽക്കുകയും ചെയ്താലോ? ടീമിനെ മൊത്തമായി ബാധിക്കും. ഇപ്പോൾ അവസരം നൽകുന്നതിലൂടെ അവർക്ക് കുറച്ച് ബാറ്റ് ചെയ്യാനും പന്തെറിയാനും അവസരം ലഭിക്കും, ഇതിലൂടെ ഫോം കണ്ടെത്താനുമാകും’ -കപിൽ പറഞ്ഞു.
ലോകകപ്പിനിടെ ഈ താരങ്ങൾക്ക് വീണ്ടും പരിക്കേറ്റാൽ, അത് ടീമിന്റെ ഭാഗമാകാൻ ആഗ്രഹിച്ചിരുന്ന താരങ്ങളോട് ചെയ്യുന്ന അനീതിയാകും. പരിക്കിൽനിന്ന് മോചിതരായ താരങ്ങൾക്ക് അവസരം നൽകേണ്ടതുണ്ട്, അവർ ഫിറ്റാണെങ്കിൽ ലോകകപ്പ് കളിക്കാമെന്നും 1983ൽ ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് നേടികൊടുത്ത കപിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.