കരിപ്പൂർ വിമാന അപകടം പൈലറ്റിന്റെ വീഴ്ചയാവാമെന്ന് അന്വേഷണ റിപ്പോർട്ട്
text_fieldsന്യൂഡൽഹി: വിമാനം ഇറക്കുന്നതിലെ അംഗീകൃത മാനദണ്ഡം പാലിക്കുന്നതിൽ പൈലറ്റിന് വീഴ്ച പറ്റിയതാവാം കോഴിക്കോട് വിമാന ദുരന്തത്തിനു കാരണമെന്ന് വിമാനാപകട അന്വേഷണ ബ്യൂറോയുടെ ( എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ) റിപ്പോർട്ട്.
സംവിധാനത്തിന് തകരാർ സംഭവിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ബ്യൂറോ സമർപ്പിച്ച 257 പേജ് വരുന്ന റിപ്പോർട്ടിൽ പറയുന്നു. ദുബൈയിൽ നിന്ന് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കഴിഞ്ഞ വർഷം ആഗസ്റ്റ് ഏഴിനാണ് കരിപ്പൂർ വിമാനത്താവളത്തിലിറങ്ങവെ തകരുകയും പൈലറ്റുമാരടക്കം 20 യാത്രക്കാർ മരിക്കുകയും ചെയ്തത്. 190 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടം നടന്ന് വർഷത്തിനു ശേഷമാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത്.
റൺവേയിലെ നിർദിഷ്ട സ്ഥലത്തു നിന്ന് മുന്നോട്ടു നീങ്ങിയാണ് വിമാനം ലാൻഡ് ചെയ്തിരുന്നത്. രണ്ടായി പിളർന്ന വിമാനം റൺവേക്ക് പുറത്തേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ മരിച്ചവരുടെ എല്ലാ ബന്ധുക്കൾക്കും നഷ്ടപരിഹാരത്തുക വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ആരും ഇതുവരെ സ്വീകരിച്ചതായി അറിയിച്ചിട്ടില്ലെന്നും കഴിഞ്ഞ മാസം സിവിൽ വ്യോമയാന സഹമന്ത്രി വി.കെ. സിങ് ലോക്സഭയെ അറിയിച്ചിരുന്നു. പരിക്കേറ്റ 165 പേർക്ക് തുക വാഗ്ദാനം ചെയ്തതിൽ 73 പേർ സ്വീകരിച്ചതായും മന്ത്രി വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.