‘ഒരു അവസരം കൂടി നൽകൂ’; ദേശീയ ടീമിൽ അവസരം കാത്ത് മിന്നും ഫോമിലുള്ള കരുൺ നായർ
text_fieldsമുംബൈ: അന്താരാഷ്ട്ര കരിയർ ഏകദേശം അവസാനിച്ചെന്ന് കരുതിയിടത്തുനിന്ന് ഇന്ത്യൻ ടീമിന്റെ വാതിലിൽ മുട്ടിവിളിക്കുകയാണ് കരുൺ നായർ. എട്ട് വർഷം മുമ്പാണ് അദ്ദേഹം ഇന്ത്യക്കായി അവസാനം കളിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കുവേണ്ടി ട്രിപ്പിൾ സെഞ്ച്വറി തികച്ച താരം പിന്നീട് ഫോമൗട്ടായി ടീമിന് പുറത്ത് പോകുകയായിരുന്നു. എന്നാൽ, വർഷങ്ങൾക്കുശേഷം അവിശ്വസനീയ റൺവേട്ടയിലൂടെ വീണ്ടും ഇന്ത്യൻ സെലക്ടർമാരുടെ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ് കരുൺ. ഇപ്പോൾ നടക്കുന്ന വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിൽ വിദർഭക്കായി റൺമഴ പെയ്യിക്കുകയാണ് 33 കാരൻ. ടൂർണമെന്റിൽ ഇതിനകം കളിച്ച ആറ് ഇന്നിങ്സിൽ അഞ്ചിലും കരുണിനെ പുറത്താക്കാൻ എതിർ ടീം ബൗളർമാർക്കായിട്ടില്ല.
664 റൺസാണ് ആറ് ഇന്നിങ്സിൽനിന്ന് നേടിയത്. ഛണ്ഡിഗഢിനെതിരെ നേടിയ 163 റൺസാണ് ഉയർന്ന സ്കോർ. രാജസ്ഥാനെതിരെ 122 നോട്ടൗട്ട്, ഉത്തര്‍പ്രദേശിനെതിരെ 112, തമിഴ്നാടിനെതിരെ 111 നോട്ടൗട്ട്, ഛത്തിസ്ഗഢിനെതിരെ 44 നോട്ടൗട്ട്, ജമ്മു- കശ്മീരിനെതിരെ 112 നോട്ടൗട്ട് എന്നിങ്ങനെയാണ് കരുണിന്റെ സ്കോറുകള്‍. 2022 ഡിസംബറിൽ ‘പ്രിയപ്പെട്ട ക്രിക്കറ്റ് എനിക്ക് ഒരു അവസരംകൂടി നൽകൂ’ എന്ന് കരുൺ നായർ എക്സിൽ കുറിച്ചിരുന്നു.
അതേസമയം, കണക്കുകൾ തുണച്ചാലും ഏകദിന, ട്വന്റി20 ടീമുകളിലേക്ക് കരുണിനെ പരിഗണിക്കാനുള്ള സാധ്യത കുറവാണ്. പക്ഷേ, ടെസ്റ്റ് ടീമിലേക്ക് കരുണിന് നേരിയ സാധ്യത ഇപ്പോഴുമുണ്ട്. എട്ട് വർഷം മുമ്പ് 2017ൽ ആസ്ട്രേലിയക്കെതിരെയാണ് കരുൺ നായർ ഇന്ത്യക്കായി അവസാനം ടെസ്റ്റ് കളിച്ചത്. 2016ലാണ് ഏകദിനത്തില്‍ ഇന്ത്യക്കായി അരങ്ങേറിയത്. സിംബാബ്വെയായിരുന്നു എതിരാളികൾ. രണ്ട് മത്സരങ്ങളില്‍ 7, 39 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്കോർ. പിന്നീട് ടീമില്‍ ഇടം ലഭിച്ചതുമില്ല. അതേവർഷം ടെസ്റ്റിലും താരം ഇന്ത്യന്‍ ജഴ്സിയണിഞ്ഞു. ഇംഗ്ലണ്ടിനെതിരായിരുന്നു അരങ്ങേറ്റം. പുറത്താകാതെ 303 റണ്‍സെടുത്ത് കരുണ്‍ ചരിത്രമെഴുതി. ടെസ്റ്റില്‍ ഇന്ത്യക്കായി ട്രിപ്പിള്‍ സെഞ്ച്വറി നേടിയ രണ്ടാമത്തെ താരമാണ് കരുൺ. വീരേന്ദര്‍ സെവാഗിനൊപ്പമാണ് കരുൺ നായർ ഇടംനേടിയത്. പിന്നീട് ടെസ്റ്റ് ടീമിലും താരത്തിന് ഇടമില്ലാതെ പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.