ഹർമൻപ്രീതും റിച്ചയും കസറി; യു.എ.ഇക്കെതിരെ 200 കടന്ന് റെക്കോർഡിട്ട് ഇന്ത്യൻ വനിതകൾ
text_fieldsഡാംബുല്ല (ശ്രീലങ്ക): ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (66) റിച്ച ഘോഷും (64 നോട്ടൗട്ട്) തകർത്തടിച്ചപ്പോൾ വനിതകളുടെ ഏഷ്യ കപ്പ് ക്രിക്കറ്റിൽ യു.എ.ഇക്കെതിരെ റെക്കോർഡ് സ്കോർ പടുത്തുയർത്തി ഇന്ത്യൻ ടീം. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ വനിതകൾ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് അടിച്ചുകൂട്ടിയത്. ഇതാദ്യമായാണ് ഇന്ത്യൻ വനിതകൾ ട്വന്റി20യിൽ 200 കടക്കുന്നത്.
ഓപണിങ്ങിനിറങ്ങിയ ഷെഫാലി വർമയും (18 പന്തിൽ 37) സ്മൃതി മന്ദാനയും (ഒമ്പതു പന്തിൽ 13) ഒന്നാം വിക്കറ്റിൽ 23 ചേർത്തു. സ്മൃതിയെ കവിഷ എഗോഡാഗെയുടെ പന്തിൽ യു.എ.ഇ ടീമിലെ വയനാട് സ്വദേശിയായ റിനിത രഞ്ജിത്ത് ക്യാച്ചെടുത്താണ് പുറത്താക്കിയത്. സ്ക്കോർ 50 കടന്നതിന് പിന്നാലെ ഷെഫാലിയും പുറത്ത്. ഡയലാൻ ഹേമലതയും (രണ്ട്) വന്നപോലെ മടങ്ങിയപ്പോൾ ഇന്ത്യ മൂന്നിന് 52 റൺസെന്ന നിലയിലായിരുന്നു.
ശേഷം ഹർമൻപ്രീതും ജെമീമ റോഡ്രിഗ്വസും (14) ചേർന്ന് സ്കോർ 100 കടത്തി. ജെമീമയെയും എഗോഡാഗെയുടെ പന്തിൽ റിനിത രഞ്ജിത്ത് ക്യാച്ചെടുത്താണ് പുറത്താട്ടിയത്. പിന്നീട് ഒത്തുചേർന്ന ഹർമൻപ്രീതും റിച്ചയും സ്കോറിങ്ങിന് വേഗം കൂട്ടിയതോടെ യു.എ.ഇ ബാക്ക്ഫൂട്ടിലായി. അഞ്ചാം വിക്കറ്റിൽ 75 റൺസ് ചേർത്താണ് ക്യാപ്റ്റൻ മടങ്ങിയത്.
47 പന്തുനേരിട്ട ഹർമൻപ്രീത് ഏഴു ഫോറും ഒരു സിക്സും പറത്തിയപ്പോൾ കേവലം 29 പന്തിൽ 12 ഫോറും ഒരു സിക്സുമടക്കമാണ് റിച്ച ഘോഷ് 64 റൺസെടുത്തത്. വിക്കറ്റ് കീപ്പർ ബാറ്ററായ റിച്ചയുടെ കന്നി ട്വന്റി20 അർധസെഞ്ച്വറിയാണിത്. റിനിത രഞ്ജിത്തിനൊപ്പം സഹോദരി റിതിക രഞ്ജിത്തും യു.എ.ഇ ടീമിന്റെ േപ്ലയിങ് ഇലവനിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.