ഓൾറൗണ്ട് മികവോടെ സജന നയിച്ചു; പ്രഥമ പിങ്ക് ടി20യിൽ ജേതാക്കളായി സഫയർ
text_fieldsആലപ്പുഴ: കേരള ക്രിക്കറ്റ് അസോസിയേഷൻ വനിതാ ട്വന്‍റി20 ക്രിക്കറ്റ് ടൂർണമെന്റിൽ കെ.സി.എ സഫയറിന് കിരീടം. ക്യാപ്റ്റൻ സജന സജീവൻ തകർപ്പൻ ഓൾറൗണ്ട് പാടവവുമായി മുന്നിൽനിന്ന് നയിച്ചപ്പോൾ കെ.സി.എ റൂബി ടീമിനെ ആറു വിക്കറ്റിന് തകർത്താണ് സഫയറിന്‍റെ കിരീടധാരണം. കെ.സി.എ പിങ്ക് ടി20 ചാലഞ്ചേഴ്സ് എന്നു പേരിട്ട പ്രഥമ ടൂർണമെന്‍റിലെ ആവേശകരമായ പോരാട്ടങ്ങൾക്കൊടുവിൽ കലാശക്കളിയിൽ ആധികാരിക പ്രകടനവുമായാണ് സജനയും സംഘവും ജയിച്ചുകയറിയത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ റൂബി ടീമിനെ 19.3 ഓവറിൽ 55 റൺസിന് ഓൾഔട്ടാക്കിയ സഫയർ വിജയ ലക്ഷ്യം 13.2 ഓവറിൽ നാലുവിക്കറ്റ് മാത്രം നഷ്ടത്തിൽ അടിച്ചെടുത്തു. അഞ്ചു റൺസ് മാത്രം വിട്ടുകൊടുത്ത് എതിരാളികളുടെ മൂന്ന് വിക്കറ്റ് പിഴുത സജന 25 പന്തിൽ 21 റൺസെടുത്ത് ബാറ്റിങ്ങിലും തിളങ്ങി. സജനയാണ് െപ്ലയർ ഓഫ് ദ മാച്ച്.
എസ്.ഡി. കോളജ് ഗ്രൗണ്ടിലെ പിച്ചിൽ താരതമ്യേന കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് പാഡുകെട്ടിയിറങ്ങിയ സഫയറിന്‍റെ തുടക്കം വൻ തകർച്ചയോടെയായിരുന്നു. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഓപണർ ഭൂമിക പൂജ്യത്തിന് റണ്ണൗട്ടായി. പിന്നാലെ മനീഷ സി.കെയും (പൂജ്യം), സിഹ സന്തോഷും (നാല്) പവലിയനിൽ തിരിച്ചെത്തിയപ്പോൾ സ്കോർ ബോർഡിൽ കേവലം എട്ടു റൺസ്. പരാജയം മുന്നിൽകണ്ട ഈ ഘട്ടത്തിൽ ഒത്തുചേർന്ന സജനയും സായൂജ്യയും ചേർന്ന് 46 റൺസിന്‍റെ തകർപ്പൻ കൂട്ടുകെട്ടിലൂടെ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 27പന്തിൽ നാലു ഫോറടക്കം 25 റൺസെടുത്ത് സായൂജ്യ പുറത്താകാതെ നിന്നു. 25 പന്തിൽ രണ്ടു ഫോറടക്കം 21 റൺസെടുത്ത സജന ജയിക്കാൻ രണ്ടു റൺസ് മാത്രമുള്ളപ്പോൾ കൂറ്റനടിക്ക് ശ്രമിച്ച് പുറത്താവുകയായിരുന്നു. വിജയ റൺ പിറക്കുേമ്പാൾ രണ്ടു റൺസുമായി രഞ്ജുഷയായിരുന്നു സായൂജ്യക്കൊപ്പം ക്രീസിൽ.
നേരത്തേ, റൂബിയുടെ രണ്ട് ഓപണർമാരെയും തിരിച്ചയച്ച സജനയാണ് ടീമിനെ വൻ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. ക്യാപ്റ്റൻ ഷാനിയെ (ഒന്ന്) സജനയുടെ പന്തിൽ വിക്കറ്റ് കീപ്പർ മനീഷ സ്റ്റംപ് ചെയ്തപ്പോൾ അശ്വതി മോളെ (ആറ്) സാന്ദ്ര കൈകളിലൊതുക്കി. ടീം സ്കോർ 11ൽ നിൽക്കെ അക്ഷയ സദാനന്ദനും (ഒന്ന്) പുറത്തായതോടെ റൂബി അപകടനിലയിലായി. ഈ ഘട്ടത്തിൽ അജന്യ ടി.പിയും (15) ജിലു ജോർജും (11) 26 റൺസ് കൂട്ടുകെട്ടുമായി നിലയുറപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, ഇരുവരും അടുത്തടുത്ത് പുറത്തായത് തിരിച്ചടിയായി. വാലറ്റം എളുപ്പം കീഴടങ്ങിയതോടെ റൂബിയുടെ ഇന്നിങ്സിന് പ്രതീക്ഷിച്ചതിനേക്കാൾ വേഗം അന്ത്യമാവുകയായിരുന്നു.
3.3 ഓവറിൽ അഞ്ചു റൺസ് മാത്രം വിട്ടുകൊടുത്താണ് സജന മൂന്നു വിക്കറ്റെടുത്തത്. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ സാന്ദ്രയും അപർണയും ക്യാപ്റ്റന് മികച്ച പിന്തുണ നൽകി. ജസ്റ്റിൻ ഫെർണാണ്ടസാണ് സഫയറിന്‍റെ പരിശീലകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.