നായകൻ ബേസില്‍; കൊച്ചിയുടെ നീലക്കടുവകള്‍ വേട്ടക്കിറങ്ങുന്നു
text_fieldsകൊച്ചി: കേരള ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഐ.പി.എല്‍ താരവും പേസ് ബൗളറുമായ ബേസില്‍ തമ്പിയെ ടീം ക്യാപ്റ്റനായും രഞ്ജി ട്രോഫി താരം സെബാസ്റ്റ്യന്‍ ആന്റണിയെ മുഖ്യ പരിശീലകനായും പ്രഖ്യാപിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകന്‍ ബ്ലെസി, ടീം ഉടമയും സിംഗിള്‍ ഐഡി സ്ഥാപകനുമായ സുഭാഷ് മാനുവല്‍ എന്നിവര്‍ ചേര്‍ന്ന് പ്രഖ്യാപനം നടത്തി. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിവയുടെ കുപ്പായമണിഞ്ഞ ബേസില്‍ തമ്പി തന്നെയാണ് ടീമിന്റെ ഐക്കണ്‍ സ്റ്റാർ. കേരളത്തിനുവേണ്ടി രഞ്ജി കളിച്ചിട്ടുള്ള ലെഫ്റ്റ് ഹാന്‍ഡ് ബാറ്റ്‌സ്മാനായ സെബാസ്റ്റ്യന്‍ ആന്റണി 12 വര്‍ഷം വിവിധ ടീമുകളുടെ കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ ടീമിന്റെ ലോഗോ പുറത്തിറക്കി. അക്രമശാലിയായ കടുവയെയും അറബിക്കടലിന്റെ റാണിയെന്ന് അറിയപ്പെടുന്ന കൊച്ചിയുടെ പ്രതീകമായ നീല നിറവും ഉള്‍പ്പെടുത്തിയാണ് ടീമിന്റെ ലോഗോ ഡിസൈന്‍ ചെയ്തത്. സിംഗിള്‍ ഐഡിയുടെ ബ്രാന്‍ഡ് അംബാസഡറായ ധോണിയുമായുള്ള സൗഹൃദമാണ് ക്രിക്കറ്റിനോടുള്ള അഭിനിവേശം വർധിക്കാന്‍ കാരണമായതെന്ന് സുഭാഷ് മാനുവല്‍ പറഞ്ഞു.
കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് മികച്ച മത്സരം കാണാനുള്ള അവസരമൊരുക്കാന്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് സാധിക്കുമെന്ന് ബ്ലെസി പറഞ്ഞു. സുഭാഷ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള യു.കെയിലെ ക്രിക്കറ്റ് ഗ്രൗണ്ട് ഈ വര്‍ഷം മുതല്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ഇന്റര്‍നാഷനല്‍ ഹോം ഗ്രൗണ്ടായി ഉപയോഗിക്കുമെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു.
കേരളത്തിലെ മികവുറ്റ കളിക്കാര്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം ഉറപ്പാക്കുകയാണ് ലക്ഷ്യം. രഞ്ജിതാരവും വിക്കറ്റ് കീപ്പറുമായ സി.എം. ദീപക്കാണ് ടീമിന്റെ അസി. കോച്ച്.
ബൗളിങ് കോച്ച്- എസ്. അനീഷ്, ഫിസിയോതെറാപ്പിസ്റ്റ്- സമീഷ് എ.ആര്‍., ത്രോഡൗണ്‍ സ്‌പെഷലിസ്റ്റ്- ഗബ്രിയേല്‍ ബെന്‍ കുര്യന്‍, പെര്‍ഫോമന്‍സ് അനലിസ്റ്റ്- സജി സോമസുന്ദരം, ട്രെയിനര്‍- ക്രിസ്റ്റഫര്‍ ഫെര്‍ണാണ്ടസ്, ടീം കോഓഡിനേറ്റര്‍- വിശ്വജിത്ത് രാധാകൃഷ്ണന്‍ എന്നിവരാണ് മറ്റ് സപ്പോർട്ടിങ് സ്റ്റാഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.