Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകൊല്ലം സെയിലേഴ്സിന്...

കൊല്ലം സെയിലേഴ്സിന് കെ.സി.എൽ കിരീടം; സച്ചിൻ ബേബിക്ക് സെഞ്ച്വറി (54 പന്തിൽ 105*)

text_fields
bookmark_border
കൊല്ലം സെയിലേഴ്സിന് കെ.സി.എൽ കിരീടം; സച്ചിൻ ബേബിക്ക് സെഞ്ച്വറി (54 പന്തിൽ 105*)
cancel

തിരുവനന്തപുരം: ഗ്രീൻഫീൽഡിൽ യുദ്ധത്തിനിറങ്ങിയ സാമൂതിരി പടക്കും കൊല്ലത്തിന്‍റെ പടക്കപ്പലിനെ തകർക്കാനായില്ല. അമരത്തുനിന്ന് അജയ്യനായി പൊരുതിയ 'കേരള സച്ചിൻ' ന്‍റെ ചുമലിലേറി പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം കൊല്ലം നെഞ്ചേറ്റി.

ബുധനാഴ്ച നടന്ന കലാശ പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ് സ്റ്റാഴ്സ് 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 213 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലം സെയിലേഴ്സ് ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ സെഞ്ച്വറി (105*) കരുത്തിൽ 19.1 ഓവറിൽ വിജയതീരത്ത് നങ്കൂരമിടുകയായിരുന്നു. ടൂർണമെന്‍റിലെ സച്ചിന്‍റെ രണ്ടാമത്തെ സെഞ്ച്വറിയാണ്. 54. പന്തിൽ ഏഴ് സിക്സിന്‍റെയും എട്ട് ഫോറിന്‍റെയും അകമ്പടിയോടെയായിരുന്നു സച്ചിന്‍റെ വെട്ടിക്കെട്ട് ഇന്നിങ്സ്.

ടോസ് നേടിയ കൊല്ലം സെയിലേഴ്സ് കാലിക്കറ്റ് ഗ്ലോബ് സ്റ്റാഴ്സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കൊല്ലത്തിന്‍റെ വെട്ടിക്കെട്ട് ബാറ്റിങ് നിരക്കെതിരെ പൊരുതിനിൽക്കാൻ 200ന് മുകളിൽ റണ്ണെടുക്കണമെന്ന ലക്ഷ്യവുമായാണ് കാലിക്കറ്റ് ബാറ്റുമായി ഇറങ്ങിയത്. കൊല്ലത്തിന്‍റെ പേരുകേട്ട ബൗളിങ് നിരയെ അടിച്ചൊതുക്കി തുടങ്ങിയ ക്യാപ്റ്റൻ രോഹൻ കുന്നുമല്ലും ഒമർ അബൂബക്കറും പൊടിപാറിയ തുടക്കമാണ് കോഴിക്കോടിന് നൽകിയത്. കോഴിക്കോടിന്‍റെ റണ്ണൊഴുക്കിന് തടയിടാൻ അഞ്ചാം ഓവറിൽ കൊല്ലം ക്യാപ്റ്റൻ സച്ചിൻ ബേബി തന്‍റെ വജ്രായുധങ്ങളിലൊന്നായ എസ്. മിഥുനെ രംഗത്തിറക്കി . തന്‍റെ രണ്ടാം പന്തിൽ ഒമറിനെ (10) വിക്കറ്റിന് മുന്നിൽ കുരുക്കി മിഥുൻ ക്യാപ്റ്റന്‍റെ വിശ്വാസം കാത്തു. എന്നാൽ തുടർന്ന് ക്രീസിലെത്തിയ അഖിൽ സ്കറിയയും രോഹനും ചേർന്ന് കോഴിക്കോടിന്‍റെ സ്കോർ ബോർഡിന് ചിറക് നൽകി.

കൊല്ലത്തിന്‍റെ സ്പിന്നർമാരെയും പേസർമാരെയും രോഹനും അഖിലും തല്ലിച്ചതച്ചതോടെ സച്ചിൻ വീണ്ടും മിഥുനെ പന്തേൽപ്പിച്ചു. അപകടകാരിയായി മാറിയ രോഹനെ (51) ഷോർട്ടിൽ പവൻ രാജിന്‍റെ കൈകളിലെത്തിച്ച് മിഥുൻ വീണ്ടും കൊല്ലത്തിന്‍റെ രക്ഷകനായി. എന്നാൽ ബാറ്റർമാരെ പരീക്ഷിച്ചുകൊണ്ടിരുന്ന മിഥുന്‍റെ അവസാന ഓവറിൽ 21 റൺസ് അടിച്ചുകൂട്ടി അഖിൽ കാലിക്കറ്റിനെ വീണ്ടും റൺട്രാക്കിലേക്ക് കയറ്റി. സ്കോർ 127ൽ നിൽക്കെ റൺസ് ഉയർത്താനുള്ള ശ്രമത്തിനിടെ അഖിലും (50) വീണു. പക്ഷേ ഇതൊന്നും കാലിക്കറ്റിന്‍റെ റൺ വേഗത്തെ കുറച്ചില്ല. 17 ഓവർ എറിയാനെത്തിയ കേരളത്തിന്‍റെ സൂപ്പർ ബൗളർ എൻ.പി ബേസിലിനെ 26 റൺസാണ് കോഴിക്കോട് അടിച്ചുകൂട്ടിയത്. അവസാന ഓവറുകളിൽ എം. അജിനാസ് (56), സൽമാൻ നിസാർ(24) പള്ളം അൻഫൽ(13*) എന്നിവരും കൈക്കരുത്ത് കാട്ടിയതോടെ ലീഗിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്കോറിലേക്ക് കോഴിക്കോടിന്‍റെ നക്ഷത്രങ്ങൾ അടിച്ചുകേറുകയായിരുന്നു.

തന്‍റെ ബൗളർമാരെ അടിച്ചുപറത്തിയ കോഴിക്കോടിന് അതേനാണയത്തിലായിരുന്നു കൊല്ലത്തിന്‍റെ മറുപടി. 214 എന്ന വിജയലക്ഷ്യം ഒരുഘട്ടത്തിലും ഫോമിലുള്ള കൊല്ലത്തെ ബാറ്റർമാർക്ക് ബാലികേറാമലയായിരുന്നില്ല. അഭിഷേക് ശർമയും (25) അരുൺ പൗലോസും (13) മികച്ച തുടക്കം നൽകി മടങ്ങിയെങ്കിലും മൂന്നാം വിക്കറ്റിൽ വത്സൽ ഗോവിന്ദനെ (45) കൂട്ടുപിടിച്ച് സച്ചിൻ ബേബി നടത്തിയ ഒറ്റയാൾ പോരാട്ടമാണ് ചരിത്രവിജയം കൊല്ലത്തിന് സമ്മാനിച്ചത്. ഷറഫുദ്ദീൻ രണ്ട് റണ്ണെടുത്ത് പുറത്തായപ്പോൾ 15 റണ്ണുമായി രാഹുൽ ശർമ പുറത്താകാതെ നിന്നു. സച്ചിൻ ബേബിയാണ് കളിയിലെ താരം. വിജയികൾക്ക് നടൻ മോഹൻലാലും കായിക മന്ത്രി വി.അബ്ദുറഹ്മാനും ചേർന്ന് ട്രോഫി സമ്മാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Cricket League 2024KCL 2024Kollam Sailors
News Summary - KCL title for Kollam Sailors
Next Story