അസ്ഹറുദ്ദീൻ കാട്ടിയ വഴിയെ ബാറ്റുവീശി ജിൻസി, മുംബൈയെ മലർത്തിയടിച്ച് വനിതകളും
text_fieldsഇന്ദോർ: വൻതോക്കുകളെ എങ്ങനെ വീഴ്ത്തണമെന്ന് പുരുഷകേസരികൾ കാട്ടിയ വഴിയേ ബാറ്റുവീശി കേരളത്തിന്റെ വനിതാ ക്രിക്കറ്റ് ടീമും. വനിതാ സീനിയർ ഏകദിന ടൂർണമെന്‍റിൽ കരുത്തരായ മുംബൈയെ ടി. ഷാനിയും സംഘവും തകർത്തുവിട്ടത് 47 റൺസിന്. ആദ്യം ബാറ്റുചെയ്ത കേരളം സെഞ്ച്വറി നേടിയ ജിൻസി ജോർജിന്‍റെയും (107 നോട്ടൗട്ട്) മിന്നുമണിയുടെയും (56) മിടുക്കിൽ നിശ്ചിത 50 ഓവറിൽ അഞ്ചു വിക്കറ്റിന് 233 റൺസെടുത്തപ്പോൾ മുംബൈക്ക് ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
ഇന്ദോർ എസ്.എസ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ മുംബൈ കേരളത്തെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒമ്പതു റൺസെടുത്ത ഭൂമികയും 21 റൺസുമായി ക്യാപ്റ്റൻ ഷാനിയും പുറത്തായപ്പോൾ കേരളം രണ്ടിന് 51. 11 റൺസുമായി അക്ഷയയും തിരിച്ചുകയറിയതോടെ 15ാം ഓവറിൽ മൂന്നുവിക്കറ്റിന് 66 റൺസെന്ന നിലയിലായിരുന്നു കേരളം. ഈ ഘട്ടത്തിൽ ഒത്തുചേർന്ന ജിൻസിയും മിന്നുമണിയും സെഞ്ച്വറി കൂട്ടുകെട്ടുമായി ടീമിനെ മുന്നോട്ടു നയിക്കുകയായിരുന്നു. 77പന്തിൽ എട്ടു ഫോറടക്കം 56ലെത്തിയ മിന്നുമണി പുറത്താകുേമ്പാൾ കേരളം 186 റൺസിലെത്തിയിരുന്നു. ഐ.വി. ദൃശ്യ 12 റൺസെടുത്ത് പുറത്തായശേഷം എസ്. സജന ഏഴു റൺസുമായി ജിൻസിക്ക് കൂട്ടുനിന്നു. 143 പന്തിൽ 13 ഫോറുകളടങ്ങുന്നതാണ് ജിൻസിയുടെ ഇന്നിങ്സ്.
മറുപടി ബാറ്റിങ്ങിൽ മുംബൈക്കുവേണ്ടി വൃശാലി ഭഗത് (52) മാത്രമേ തിളങ്ങിയുള്ളൂ. മിന്നുമണിയും അക്ഷയയും രണ്ടു വിക്കറ്റ് വീതം നേടിയപ്പോൾ സജന, മൃദുല, ജിപ്സ വി. ജോസഫ്, ഭൂമിക എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. ജയത്തോടെ കേരളത്തിന് നാലു പോയന്‍റ് സ്വന്തമായി. പുരുഷ വിഭാഗം ട്വന്‍റി20 ടൂർണമെന്‍റിൽ മുഹമ്മദ് അസ്ഹറുദ്ദീന്റെ സെഞ്ച്വറിയുടെ മികവിൽ ഈ സീസണിൽ കേരളം മുംബൈക്കെതിരെ തകർപ്പൻ ജയം നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.