കേരള ക്രിക്കറ്റ് ലീഗ്: ആവേശം ഇനി ഗ്രൗണ്ടിൽ
text_fieldsതിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന് തിങ്കളാഴ്ച തുടക്കം. ലീഗിന്‍റെ ലോഞ്ചിങ് ചലച്ചിത്രതാരം മോഹൻലാൽ നിർവഹിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 2.45ന് ആലപ്പി റൈഫിൾസും തൃശൂർ ടൈറ്റൻസും തമ്മിലാണ് ആദ്യ മത്സരം.
കേരള ക്രിക്കറ്റ് ലീഗിന് തുടക്കമാകുന്നതോടെ ഇടവേളകളില്ലാതെ ഇന്ത്യൻ ടീമിൽ ഇനി മലയാളികളുടെ സാന്നിധ്യമുണ്ടാകുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ക്രിക്കറ്റ് പരിശീലിക്കാൻ മികച്ച അവസരമാണ് ഇപ്പോള്‍ കേരള ക്രിക്കറ്റ് അസോസിയേഷനും ജില്ല ക്രിക്കറ്റ് അസോസിയേഷനുകളും കളിക്കാർക്ക് നൽകുന്നത്. കേരളത്തിലുടനീളം പടർന്നുകിടക്കുന്ന ഗ്രൗണ്ടുകളും നല്ല പരിശീലകരും ഉള്‍പ്പെടെയുള്ള നല്ലകാര്യങ്ങളുടെ ഫലമായാണ് ഇന്ത്യൻ ക്രിക്കറ്റിൽ കേരളത്തിനു മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ പറ്റുന്നതെന്ന് മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി.
വനിതാ ഇന്ത്യൻ ടീമിൽ ഈ വർഷം മിന്നു മണി, ആശ ശോഭന, സജന സജീവൻ എന്നിവർക്ക് അവസരം ലഭിച്ചതുതന്നെ കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ പ്രവർത്തങ്ങൾ വിലയിരുത്താൻ ധാരാളമാണ്. ഒരുകൂട്ടം ക്രിക്കറ്റ് താരങ്ങളെ സൃഷ്ടിക്കാൻ സാധിച്ച കേരള ക്രിക്കറ്റ് അസോസിയേഷന് ഇനിയും ഇക്കാര്യത്തിൽ ഏറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അതിന് അവർക്ക് സാധിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ലീഗ് ട്രോഫിയുടെ പ്രകാശനം കായികമന്ത്രി വി. അബ്ദുറഹിമാനും മോഹൻലാലും ചേർന്ന് നിർവഹിച്ചു. കേരളത്തിലെ കായികരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ രണ്ടായിരത്തിലധികം കോടി രൂപയുടെ നിക്ഷേപം നടത്തിക്കഴിഞ്ഞതായി അബ്ദുറഹിമാന്‍ പറഞ്ഞു. ക്രിക്കറ്റിലും ഫുട്ബാളിലും പ്രഫഷനല്‍ ലീഗുകള്‍ ആരംഭിക്കുന്നതിലൂടെ വലിയതോതിലുള്ള നിക്ഷേപമാണ് കേരളത്തില്‍ വരുക. സംസ്ഥാനത്തിന്റെ സാമ്പത്തികമേഖലയില്‍ ശക്തമായ സംഭാവനകള്‍ നല്‍കാന്‍ ക്രിക്കറ്റ് അസോസിയേഷന് സാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ക്രിക്കറ്റ് ലീഗിനായി തയാറാക്കിയ പ്രത്യേക ഗാനത്തിന്‍റെ പ്രകാശനവും മോഹന്‍ലാല്‍ നിര്‍വഹിച്ചു. കെ.സി.എ പ്രസിഡന്‍റ് ജയേഷ് ജോര്‍ജ് അധ്യക്ഷതവഹിച്ചു. കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാര്‍ എന്നിവര്‍ സംസാരിച്ചു.
കേരള ക്രിക്കറ്റ് ലീഗ് ചെയര്‍മാന്‍ നാസര്‍ മച്ചാന്‍, വനിതാ ക്രിക്കറ്റ് ഗുഡ്‌വില്‍ അംബാസഡര്‍ കീര്‍ത്തി സുരേഷ് എന്നിവരും ഫ്രാഞ്ചൈസി ഉടമകളും ടീം അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.