കേരള ക്രിക്കറ്റ് ലീഗ്: ആലപ്പിയെ മുങ്ങിയെടുത്ത് ബൗളേഴ്സ്
text_fieldsതിരുവനന്തപുരം: തോൽവികളിൽനിന്ന് തോൽവികളിലേക്ക് മുങ്ങിത്താഴുകയായിരുന്ന ആലപ്പുഴക്ക് ജീവശ്വാസവുമായി ബൗളർമാർ. കരുത്തരായ ട്രിവാൻഡ്രം റോയൽസിനെ 52 റൺസിന് പരാജയപ്പെടുത്തിയാണ് ആലപ്പി റിപ്പ്ൾസ് സെമി സാധ്യതകൾ നിലനിർത്തിയത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആലപ്പി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് നേടിയപ്പോൾ മറുപടിയിൽ റോയൽസിന് 16.5 ഓവറില്‍ 73 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. തുടർച്ചയായ നാല് തോൽവികൾക്ക് ശേഷമാണ് ജയം. ഓവറില്‍ ഒമ്പതു റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ പിഴുത ബൗളര്‍ അക്ഷയ് ചന്ദ്രനാണ് വിജയശിൽപി.
ടോസ് ഭാഗ്യം ലഭിച്ച റോയൽസ് ക്യാപ്റ്റൻ അബ്ദുൽ ബാസിത് ആലപ്പുഴയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. പതിവുപോലെ വിക്കറ്റിനെ ഭയക്കാതെ ബാറ്റ് വീശിയ അസ്ഹറുദ്ദീന് - കൃഷ്ണപ്രസാദ് ഓപണിങ് കൂട്ടുകെട്ടിനെ 51 റൺസിലാണ് റോയൽസിന് പിരിക്കാനായത്. 23 പന്തില്‍നിന്ന് ഒരു സിക്സും നാലു ബൗണ്ടറിയും ഉള്‍പ്പെട 34 റണ്‍സ് നേടി അസ്ഹർ. സ്കോർ 85ൽ നിൽക്കെ വിനൂപ് മനോഹരനെയും (10) കൃഷ്ണപ്രസാദിനെയും (37) നഷ്ടമായതോടെ നിയന്ത്രണവും തെറ്റി. 12 റണ്‍സ് കൂടി സ്കോർ ബോർഡിലേക്ക് ചേർക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായതോടെ ഏഴിന് 97 എന്ന നിലയിലെത്തി. തുടര്‍ന്ന് അതുല്‍ ഡയമണ്ഡും (15 പന്തില്‍ 22 റണ്‍സ്) ഫാസില്‍ ഫനൂസും (അഞ്ചു പന്തില്‍ ഏഴു റണ്‍സ്) ചേര്‍ന്നുള്ള കൂട്ടുകെട്ട് ആണ് ടീം സ്കോര്‍ 125ലെത്തിച്ചത്. അക്ഷയ് ചന്ദ്രൻ ഒരുക്കിയ സ്പിൻ കുഴിയിൽ മുക്കൂംകുത്തി അബ്ദുൽ ബാസിതും സംഘവും വീഴുന്നതിനാണ് ഗ്രീൻഫീൽഡ് സാക്ഷ്യംവഹിച്ചത്. ഹരികൃഷ്ണൻ (19), എ.കെ. ആകർഷ് (13), എസ്. സുബിൻ (11) എന്നിവരൊഴികെ മറ്റാരെയും രണ്ടക്കം കാണിക്കാൻ ആലപ്പുഴയുടെ ബൗളർമാർ സമ്മതിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.