കേരള ക്രിക്കറ്റ് ലീഗ്: തൃശൂർ പെരുമ
text_fieldsതിരുവനന്തപുരം: പ്രഥമ കേരള ക്രിക്കറ്റ് ലീഗിൽ എതിരാളികളെ വിറപ്പിക്കാനിറങ്ങിയ കൊച്ചിയുടെ നീലക്കടുവകളുടെ തൊലിയുരിച്ച് തൃശൂർ ടൈറ്റൻസ്. ഇന്നലെ നടന്ന മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ നാല് വിക്കറ്റിനാണ് തൃശൂർ ടൈറ്റൻസ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ടൈഗേഴ്സ് 17 ഓവറില്‍ 84 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റൻസ് 13 പന്ത് ബാക്കിനിൽക്കെ ലക്ഷ്യം കണ്ടു. നാല് ഓവറില്‍ 12 റണ്‍സ് വിട്ടുകൊടുത്ത് കൊച്ചിയുടെ നാല് വിക്കറ്റുകൾ പിഴുത മുഹമ്മദ് ഇഷാക്കാണ് കളിയിലെ താരം.
ടോസ് നേടിയ തൃശൂർ കൊച്ചിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എന്നാൽ, ഓപണർ ആനന്ദ് കൃഷ്ണനൊഴികെ (28) മറ്റാർക്കും ടൈറ്റൻസ് ബൗളിങ് നിരക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. എം.ഡി. നിധീഷ് മൂന്ന് ഓവറിൽ 12 റൺസ് വഴങ്ങി മൂന്നുപേരെ മടക്കി. മോനു കൃഷ്ണ രണ്ട് ഓവറിൽ 18 റൺസ് വഴങ്ങിയും പി. മിഥുൻ രണ്ട് ഓവറിൽ 12 റൺസ് വഴങ്ങിയും ഓരോ വിക്കറ്റും സ്വന്തമാക്കി.
താരതമ്യേന ദുർബലമായ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത തൃശൂരിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ഓപണിങ്ങിൽ വീണ്ടും പരീക്ഷണത്തിന് മുതിർന്ന ടീം മാനേജ്മെന്റ് ക്യാപ്ടൻ വരുൺ നായനാർക്ക് പകരം കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ സെഞ്ച്വറിയുമായി കരുത്തുകാട്ടിയ വിഷ്ണു വിനോദിനെയും അനസ് നസീറിന് പകരക്കാരനായി ഫോമിലുള്ള അഹമ്മദ് ഇമ്രാനെയുമാണ് വേട്ടക്കിറക്കിയത്. എന്നാൽ, ആദ്യ ഓവറിൽതന്നെ നാല് റൺസുമായി വിഷ്ണു വിനോദിനെ ബേസിൽ തമ്പി മടക്കി. തൊട്ടടുത്ത പന്തിൽ അനസ് നസീറിനെയും (പൂജ്യം) മടക്കി തമ്പി തൃശൂരിനെ ഞെട്ടിച്ചു. ക്യാപ്റ്റൻ വരുൺ നായനാർ (ഒമ്പത്), അക്ഷയ് മനോഹർ (എട്ട്) എന്നിവരും കാര്യമായ സംഭാവന നൽകാതെ മടങ്ങിയതോടെ 29ന് നാലെന്ന നിലയിലായി ടൈറ്റൻസ്. എന്നാൽ, അഞ്ചാം വിക്കറ്റിൽ പി. മിഥുനും അഹമ്മദ് ഇമ്രാനും ചേർന്ന് നേടിയ 31 റൺസ് ടൈറ്റൻസിന് ജീവശ്വാസം നൽകി. സ്കോർ 60ൽ നിൽക്കെ ഇമ്രാനെയും (24) അഭിഷേക് പ്രതാപിനെയും (ഒന്ന്) മടക്കി കൊച്ചി അട്ടിമറിയുടെ സൂചനകൾ നൽകിയെങ്കിലും ഏഴാം വിക്കറ്റിൽ മിഥുനും (23*) ഈദൻ ആപ്പിൾ ടോമും (12*) ചേർന്ന് 13 പന്തും നാല് വിക്കറ്റും ശേഷിക്കെ തൃശൂരിനെ വിജയ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
തോൽവിയോടെ കൊച്ചി ബ്ലൂടൈഗേഴ്സ് ടൂർണമെന്റിൽനിന്ന് പുറത്തായി. ടൂർണമെന്റിൽനിന്ന് സെമി കാണാതെ പുറത്താകുന്ന ആദ്യ ടീമാണ് കൊച്ചി. ഒമ്പത് മത്സരങ്ങളിൽ രണ്ട് വിജയമടക്കം നാല് പോയന്റാണ് ബേസിൽ തമ്പിക്കും കൂട്ടർക്കും നേടാനായത്. ഇന്ന് അവസാന മത്സരത്തിന് ഇറങ്ങുന്ന കൊച്ചിക്ക് മുഹമ്മദ് അസറുദ്ദീന്റെ ആലപ്പി റിപ്പ്ൾസാണ് എതിരാളികൾ. സെമി സാധ്യത നിലനിർത്താൻ കൊച്ചിക്കെതിരെ ആലപ്പിക്ക് വിജയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.