കേരള ക്രിക്കറ്റ് ലീഗ്: സെമി ഉറപ്പിച്ച് കൊല്ലം; ഗ്ലോബ്‌സ്റ്റാര്‍സിനെ മൂന്നു വിക്കറ്റിന് പരാജയപ്പെടുത്തി
text_fieldsതിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ആദ്യ സെമി ഫൈനൽ ബർത്ത് ഉറപ്പിച്ച് ഏരീസ് കൊല്ലം സെയിലേഴ്സ്. ഇന്നലെ നടന്ന മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെ മൂന്നു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ടിക്കറ്റ് ഉറപ്പിച്ചത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടിയപ്പോൾ 173 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കൊല്ലം ഒരു പന്ത് ബാക്കിനിർത്തി വിജയം സ്വന്തമാക്കുകയായിരുന്നു.
ടൂർണമെന്‍റിൽ ആദ്യമായി ഫോമിലേക്കെത്തിയ ക്യാപ്റ്റൻ രോഹൻ കുന്നുമ്മിന്‍റെ അർധ സെഞ്ച്വറിയാണ് (61) കാലിക്കറ്റിന് അടിത്തറ പാകിയത്. ഒമര്‍ അബൂബക്കറിനെ (47) കൂട്ടുപിടിച്ച് ഒന്നാം വിക്കറ്റിൽ 77 റൺസ് അടിച്ചുകൂട്ടി. എം. അജിനാസ് (നാല്) വന്നപോലെ മടങ്ങിയെങ്കിലും തുടർന്ന് ക്രീസിലെത്തിയ സല്‍മാന്‍ നിസാറുമായി (37) ചേര്‍ന്ന് രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റിന്റെ സ്‌കോര്‍ 135 ലെത്തിച്ചു. 48 പന്തില്‍നിന്ന് 61 റണ്‍സെടുത്തുനിൽക്കെ എന്‍.എം. ഷറഫുദീന്‍റെ പന്തിൽ രോഹൻ പുറത്തായതോടെ ഇന്നിങ്ങിസിന്‍റെ ഒഴുക്കും നിലച്ചു.
173 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലത്തിനായി അരുൺ പൗലോസ് (44), ക്യാപ്റ്റൻ സച്ചിൻ ബേബി (34), അനന്തു സുനിൽ (24) ഷറഫുദ്ദീൻ (20) എന്നിവർ പൊരുതി. അവസാന ഓവറുകളിൽ ആഷിക് മുഹമ്മദും (12*) അമലും (17*) നടത്തിയ പോരാട്ടമാണ് കൊച്ചിയെ ലീഗിലെ ഏഴാം വിജയത്തിലേക്ക് എത്തിച്ചത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും കൊല്ലത്തിനായി പടവെട്ടിയ എൻ.കെ. ഷറഫുദ്ദീനാണ് കളിയിലെ താരം. എട്ട് മത്സരങ്ങളിൽനിന്ന് 10 പോയന്‍റുമായി കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് പോയന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.