കേരള ക്രിക്കറ്റ് ലീഗ് പൊടിപാറും
text_fieldsതിരുവനന്തപുരം: കേരളത്തിലെ യുവതാരങ്ങൾക്ക് ഐ.പി.എല്ലിലേക്കും ദേശീയ ടീമിലേക്കുമുള്ള ചവിട്ടുപടിയായി കേരള ക്രിക്കറ്റ് അസോസിയേഷൻ തുറന്നിട്ട പ്രഥമ കേരള ക്രിക്കറ്റ് ലീഗിന് (കെ.പി.എൽ) സെപ്റ്റംബർ രണ്ടിന് ഗ്രീൻഫീൽഡിൽ തുടക്കം.
തിങ്കളാഴ്ച ഉച്ചക്ക് 2.45ന് ആലപ്പി റൈഫിൾസും തൃശൂർ ടൈറ്റൻസും തമ്മിലാണ് ആദ്യ മത്സരം. ക്ലബ് തലത്തിലുള്‍പ്പെടെ കളിക്കുന്നവര്‍ക്ക് പ്രതിഭ തെളിയിക്കാനുള്ള അവസരമാണ് കെ.പി.ല്ലെന്ന് ആറ് ടീമുകളുടെയും ക്യാപ്റ്റൻമാർ അഭിപ്രായപ്പെട്ടു. കേരളത്തിലെ ക്രിക്കറ്റ് രംഗം കേരള ക്രിക്കറ്റ് അസോസിയേഷനോട് കടപ്പെട്ടിരിക്കുന്നുവെന്നും ക്യാപ്റ്റന്മാരായ ബേസില്‍ തമ്പി (കൊച്ചി ബ്ലൂടൈഗേഴ്സ്), മുഹമ്മദ് അസറുദ്ദീന് (ആലപ്പി റിപ്പിള്‍സ്), സച്ചിന് ബേബി (ഏരീസ് കൊല്ലം സെയ്ലേഴ്സ്), റോഹന്‍ എസ്. കുന്നുമ്മേല്‍ (കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്), വരുണ്‍ നായനാര്‍ (തൃശൂര്‍ ടൈറ്റന്‍സ്), അബ്ദുൽ ബാസിത് (ട്രിവാന്‍ഡ്രം റോയല്‍സ്) എന്നിവർ പറഞ്ഞു.
ലീഗിന്റെ ലോഞ്ചിങ് ഇന്ന് ഉച്ചക്ക് 12ന് ഹയാത്ത് റീജന്‍സിയില്‍ കെ.എസി.എല്‍ ബ്രാന്‍ഡ് അംബാസഡറായ മോഹന്‍ലാല്‍ നിര്‍വഹിക്കും. കെ.സി.എല്‍ ചാമ്പ്യന്മാര്ക്കുള്ള ട്രോഫി കായിക മന്ത്രി വി. അബ്ദുറഹ്മാന് അനാവരണം ചെയ്യും. ക്രിക്കറ്റ് ലീഗിനായി തയാറാക്കിയ പ്രത്യേക ഗാനത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടക്കും. ക്രിക്കറ്റ് ലീഗ് സ്ട്രീമിങ് പ്ലാറ്റ്ഫോമായ ഫാന്‍കോഡ് ലൈവ് സ്ട്രീമിങ് ചെയ്യും.ആന്‍ഡ്രോയിഡിലും ഐ.ഒ.എസിലും ലഭിക്കുന്ന ഫാന്‍ കോഡിന്റെ മൊബൈല്‍ ആപ്പിലും ആന്‍ഡ്രോയിഡ് ടി.വി, ആമസോണ്‍ ഫയര്‍ ടി.വി സ്റ്റിക്ക്, ജിയോ സെറ്റ് ടോപ് ബോക്സ്, സാംസങ് ടി.വി, ഒ.ടി.ടി പ്ലേ, ആമസോണ്‍ പ്രൈം വിഡിയോ, എയര്‍ടെല്‍ എക്സ്ട്രീം, ജിയോ ടി.വി, ജിയോ ടി.വി പ്ലസ് എന്നിവയില്‍ ലഭിക്കുന്ന ടി.വി ആപ് വഴിയോ മത്സരങ്ങള്‍ കാണാനാകും. www.fancode.com വെബ്സൈറ്റ് വഴിയും മത്സരം വീക്ഷിക്കാം. ഉച്ചക്ക് 2.45നും വൈകീട്ട് 6.45നുമാണ് മത്സരങ്ങള്‍. 79 രൂപയാണ് മുഴുവന്‍ ടൂര്‍ണമെന്റും കാണാനുള്ള ചാര്‍ജ്. 33 മാച്ചുകളുള്ള ടൂര്‍ണമെന്റില്‍ ടൂര്‍ പാസ് മുഖേന മൂന്ന് രൂപക്ക് മത്സരം വീക്ഷിക്കാനാകും.
ക്യാപ്റ്റൻമാർക്ക് പറയാനുള്ളത്
സച്ചിന് ബേബി: കേരളത്തിലെ സാധാരണക്കാരായ കളിക്കാര്‍ക്ക് മുകള്‍ത്തട്ടുകളിലേക്ക് കയറുന്നതിനുള്ള കോണിപ്പടിയാണ് കേരള ക്രിക്കറ്റ് ലീഗ്.
ബേസില്‍ തമ്പി: ടൂര്‍ണമെന്റുകളുടെ വിജയത്തിന് പിന്നില്‍ എപ്പോഴുമുണ്ടാകുക ബൗളേഴ്സാണ്. കളിക്കാരുടെ സമ്മര്‍ദം പരമാവധി കുറച്ച് അവരെ സ്വതന്ത്രരായി കളിക്കാന്‍ അനുവദിക്കും.
വരുണ്‍ നായനാര്‍: ഇതൊരു ആദ്യത്തെ അനുഭവമാണ്. അതുകൊണ്ടുതന്നെ ക്രിക്കറ്റ് കളി കൂടുതല്‍ പഠിക്കാന്‍ കളിക്കാര്‍ക്ക് ലഭിക്കുന്ന അവസരംകൂടിയായിരിക്കും കെ.സി.എല്‍.
രോഹന് എസ്. കുന്നുമ്മേല്‍: കഴിഞ്ഞ രണ്ടാഴ്ചക്കാലമായി നല്ല പരിശീലനത്തിലായിരുന്നു ടീമുകളെല്ലാം. കപ്പടിക്കുകയെന്നതാണ് എല്ലാവരുടേയും ലക്ഷ്യം. അതുകൊണ്ടുതന്നെ നല്ല മത്സരം കെ.സി.എല്ലില്‍ ഉറപ്പായിരിക്കും.
അബ്ദുൽ ബാസിത്: നല്ല രീതിയില്‍ എല്ലാവരും ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ കളിക്കാരും സീനിയര്‍ ജൂനിയര്‍ ഭേദമില്ലാതെ എല്ലാവരും ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ കളിയുടെ ഒരു ഘട്ടത്തെപ്പറ്റിയും പ്രവചിക്കാന്‍ ഇപ്പോള്‍ പറ്റില്ല.
മുഹമ്മദ് അസറുദ്ദീന്: മറ്റ് ലീഗുകളിലൂടെ പതിനഞ്ച് കളിക്കാര്‍ക്കാണ് അവസരമൊരുക്കുന്നതെങ്കില്‍ കേരള ക്രിക്കറ്റ് ലീഗിലൂടെ കേരളത്തിലെ 113 ക്രിക്കറ്റ് കളിക്കാര്‍ക്ക് വലിയ അവസരമാണ് ഒരുങ്ങിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.