അഭിമാന താരങ്ങൾക്ക് ആവേശവരവേൽപ്പ്; കേരള ക്രിക്കറ്റ് ടീം നാട്ടിലെത്തി -വിഡിയോ
text_fieldsതിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ചരിത്രമെഴുതിയെ കേരളത്തിന്‍റെ ചുണക്കുട്ടികൾക്ക് തലസ്ഥാനത്ത് ആവേശവരവേൽപ്പ്. തിങ്കളാഴ്ച രാത്രി 10.30ഓടെ കേരള ക്രിക്കറ്റ് അസോസിയേഷൻ ചാർട്ടർ ചെയ്ത സ്വകാര്യ വിമാനത്തിലാണ് നായകൻ സചിൻ ബേബിയും സംഘവും അനന്തപുരിയുടെ മണ്ണിലേക്ക് പറന്നിറങ്ങിയത്. സീസണിൽ ഒരു പരാജയംപോലും ഏറ്റുവാങ്ങാതെ അപരാജിതരായി എത്തിയ സംഘത്തെ കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളും അംഗങ്ങളും സ്വീകരിച്ചു.
താരങ്ങളെ പ്രോത്സാഹിപ്പിക്കാനായി നാഗ്പുരിലെത്തിയ കേരള അണ്ടർ-14 , അണ്ടർ-16 ടീമിലെ കുട്ടിതാരങ്ങളും കേരള ടീമിനൊപ്പം വിമാനത്തില്‍ ഉണ്ടായിരുന്നു. നേരത്തെ കേരള ക്രിക്കറ്റ് അസോസിയേഷൻ നാഗ്പുരിൽ ഫൈനൽ കാണാൻ ഇവരെ എത്തിച്ചിരുന്നത് ദേശീയതലത്തിൽ വലിയ പ്രശംസപിടിച്ചുപറ്റിയിരുന്നു. വിമാനത്താവളത്തില്‍നിന്ന് കേരള സംഘത്തെ പ്രത്യേകം തയാറാക്കിയ ബസിൽ കെ.സി.എ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. കെ.സി.എ ആസ്ഥാനത്ത് എത്തിയ ടീമിനെ അസോസിയേഷൻ ഭാരാവഹികളുടെ നേതൃത്വത്തിൽ പ്രത്യേകമായി ആദരിച്ചു.
ചൊവ്വാഴ്ച വൈകീട്ട് ഹോട്ടല്‍ ഹയാത്തിൽ നടക്കുന്ന അനുമോദന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ടീമിനെ ആദരിക്കും. ഫൈനൽ മത്സരം സമനിലയിൽ പിരിഞ്ഞതോടെ ഒന്നാം ഇന്നിങ്സിൽ നേടിയ ലീഡിന്‍റെ ബലത്തിലാണ് വിദർഭ കിരീടം സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സിൽ വിദർഭയുടെ സ്കോർ 375ന് ഒമ്പത് എന്ന നിലയിൽ നിൽക്കുമ്പോഴായിരുന്നു മത്സരം സമനിലയിൽ പിരിഞ്ഞത്. 412 റൺസിന്‍റെ ലീഡായിരുന്നു വിദർഭക്കുണ്ടായിരുന്നത്. സ്കോർ വിദർഭ- 379/10& 375/9 കേരളം- 342/10.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.